കൊട്ടിയൂർ പീഡനം: ഫാ. റോബിന്റെ തടവ് ശിക്ഷ 10 വർഷമാക്കി കുറച്ചു

Thursday 02 December 2021 1:07 AM IST

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ പുരോഹിതൻ ഫാ. റോബിൻ വടക്കുംചേരിക്ക് വിചാരണക്കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ഹൈക്കോടതി പത്തു വർഷം കഠിനതടവാക്കി കുറച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ പോക്സോ കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ വിധി.

കൊട്ടിയൂർ പള്ളി വികാരിയായിരിക്കെ ഫാ. റോബിൻ പതിനേഴുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2016 മേയിലായിരുന്നു സംഭവം. പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഫാ. റോബിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (2) (എഫ്) പ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

1997 ലാണ് ജനിച്ചതെന്ന് മാതാപിതാക്കൾ കോടതിയിൽ പറഞ്ഞത് ചൂണ്ടിക്കാട്ടിയ പ്രതി പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് വാദിച്ചുവെങ്കിലും രേഖകൾ പരിശോധിച്ച ഹൈക്കോടതി 99ൽ ജനിച്ചുവെന്ന് കണ്ടതോടെ വാദങ്ങൾ തള്ളി. പെൺകുട്ടിയും മാതാപിതാക്കളും വിചാരണവേളയിൽ കൂറു മാറിയതും കണക്കിലെടുത്തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും വ്യക്തമാക്കി. പക്ഷേ, വിചാരണക്കോടതി ശിക്ഷ വിധിച്ചതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാക്കി ഭേദഗതി വരുത്തി.

ശിക്ഷ കുറഞ്ഞത് ഇങ്ങനെ

വിചാരണക്കോടതി:

ഐ.പി.സി സെക്ഷൻ 376 (2) (എഫ്) : പെൺകുട്ടിക്ക് വിശ്വാസവും അധികാരമുള്ളതുമായ വ്യക്തി പീഡിപ്പിച്ചാലുള്ള ശിക്ഷ കണക്കാക്കി.

ഹൈക്കോടതി :

പ്രതി പള്ളിവികാരിയാണെന്ന കാരണത്താൽ വിശ്വാസമോ പെൺകുട്ടിയിൽ അധികാരമോ ഉള്ളയാളാണെന്ന് പറയാനാവില്ല. ഈ വിഭാഗത്തിലല്ലാത്തവർ പീഡിപ്പിച്ചെന്ന കുറ്റത്തിനുള്ള ഐ.പി.സി സെക്ഷൻ 376 (1) ബാധകം. 2018 ൽ നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ് കുറഞ്ഞ ശിക്ഷ ഏഴു വർഷം.

വിചാരണക്കോടതി :

സെക്ഷൻ മൂന്ന് (എ), സെക്ഷൻ നാല്, അഞ്ച് (എഫ്), ആറ് എന്നീ വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ നിലനിൽക്കും.

ഹൈക്കോടതി:

ഈ വകുപ്പുകൾക്കെല്ലാം കുറഞ്ഞ ശിക്ഷ ഏഴു വർഷം.

വിചാരണക്കോടതി :

സെക്ഷൻ അഞ്ച് (ജെ)(ii) : പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിന് ശിക്ഷ 20 വർഷം.

ഹൈക്കോടതി:

2019ൽ പോക്സോ നിയമ ഭേദഗതി വരുന്നതിനു മുമ്പ് പത്തു വർഷമായിരുന്നു ഈ കുറ്റത്തിനുള്ള കുറഞ്ഞ ശിക്ഷ. 2016ലാണ് കുറ്റകൃത്യം നടന്നത്. അത് പരിഗണിക്കണം. സെക്ഷൻ 42 അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ കൂടിയ ശിക്ഷയാണ് ബാധകമാക്കേണ്ടത്. ആ നിലയ്ക്ക് പ്രതിക്ക് പത്തു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Advertisement
Advertisement