വാണിജ്യ സിലിണ്ടറിന് 101.5 രൂപ കൂട്ടി,​ വില 2100 കടന്നു

Thursday 02 December 2021 12:00 AM IST

കൊച്ചി: ഹോട്ടലുകൾക്കും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്കും ഇരുട്ടടിയായി വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില പൊതുമേഖലാ എണ്ണക്കമ്പനികൾ വീണ്ടും കുത്തനെ കൂട്ടി. 101.5-102 രൂപയാണ് കേരളത്തിൽ കൂടിയത്.

കൊച്ചിയിൽ വില 2,095.5 രൂപയായി. തിരുവനന്തപുരത്ത് 2,113 രൂപ; കോഴിക്കോട്ട് 2,122 രൂപ. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ മാറ്റമില്ല. ഇതിന് കൊച്ചിയിൽ വില 906.5 രൂപ, കോഴിക്കോട്ട് 908.5 രൂപ, തിരുവനന്തപുരത്ത് 909 രൂപ.

₹774

വാണിജ്യ സിലിണ്ടറിന് ഈവർഷം കൊച്ചിയിൽ കൂടിയത് 774 രൂപ. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 210 രൂപയും കൂടി

₹266

ഇക്കഴിഞ്ഞ നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് എണ്ണക്കമ്പനികൾ 266 രൂപ കൂട്ടിയിരുന്നു.

വാണിജ്യാവശ്യം

 ഇന്ത്യൻ ഓയിലിന് മാത്രം സംസ്ഥാനത്ത് 1.62 ലക്ഷം ഉപഭോക്താക്കളുണ്ട്

 പ്രതിദിനം വിതരണം ചെയ്യുന്നത് രണ്ടു ലക്ഷം സിലിണ്ടറുകൾ

ഹോട്ടൽ വ്യവസായ മേഖലയെ വീണ്ടും തല്ലുന്ന നിലപാടാണ് കേന്ദ്രത്തിന്. ക്രൂഡോയിൽ വില കുറഞ്ഞിട്ടും അന്യായമായി ഗ്യാസ് വില കൂട്ടുകയാണ്. ഗ്യാസിന് 800 രൂപയുണ്ടായിരുന്നപ്പോൾ ചായയ്ക്ക് ശരാശരി വില 10 രൂപയായിരുന്നു. ആ ഗ്യാസ് വിലയാണ് ഇപ്പോൾ 2,000 കടന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഹോട്ടൽ സംഘടനയുമായി ചേർന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള ആലോചന കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ്സ് അസോസിയേഷൻ നടത്തുന്നുണ്ട്

ജി. ജയപാൽ,

ജനറൽ സെക്രട്ടറി,

കെ.എച്ച്.ആർ.എ

Advertisement
Advertisement