ടി. ദാമു അന്തരിച്ചു

Thursday 02 December 2021 12:00 AM IST

തിരുവനന്തപുരം: ടാറ്റാ ടീ ലിമിറ്റഡ് (കോർപറേറ്റ് അഫയേഴ്സ്), ഇന്ത്യൻ ഹോട്ടൽസ് കമ്പനി എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്ന ടി. ദാമു (77) അന്തരിച്ചു. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി മുൻ ചെയർമാൻ, ദേശീയ ടൂറിസം ഉപദേശക കൗൺസിൽ അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം പാൽക്കുളങ്ങരയിലുള്ള ശ്രീപാദം വീട്ടിൽ ഇന്നലെ രാവിലെ 7.30നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ രോഗങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. ഭാര്യ പരേതയായ ദേവിക റാണി. മക്കൾ: ദിവ്യ, ആദർശ്. മരുമകൻ: കിരൺ ചന്ദ്


തലശ്ശേരി സ്വദേശിയായ അദ്ദേഹം 1965ൽ മുംബയ് ടാറ്റ സൺസ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസറായി 1980 വരെ തുടർന്നു. പിന്നീട് കെൽട്രോണിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായി. കുറച്ചുകാലം ഫ്രീലാൻസ് ജേർണലിസ്റ്റായിരുന്നു. 1988ൽ ടാറ്റ ടീ മാനേജരായ അദ്ദേഹം വൈസ് പ്രസിഡന്റ് (കോർപറേറ്റ് അഫയേഴ്സ്) ആയാണു വിരമിച്ചത്. തുടർന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ ദക്ഷിണേന്ത്യൻ വൈസ് പ്രസിഡന്റായി. താജ് ഹോട്ടലും കെ.ടി.ഡി.സിയുമായുള്ള പങ്കാളിത്തത്തിന് രൂപം നൽകിയത് അദ്ദേഹമാണ്. ടാറ്റ ടീ സ്‌പെഷ്യൽ അഡ്വൈസറായും തുടർന്നു. സംസ്ഥാന വൈൽഡ് ലൈഫ് ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈറേഞ്ച് വൈൽഡ് ലൈഫ് ആൻഡ് എൻവയൺമെന്റ് പ്രിസർവേഷൻ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായിരുന്ന ദാമു പരിസ്ഥിതി സംരക്ഷണത്തിനും മികച്ച സംഭാവനകൾ നൽകി. ലങ്കാപർവം, മൂന്നാർ രേഖകൾ, ദ സ്റ്റോറി ഒഫ് ടീ എന്നീ പുസ്തകങ്ങൾ രചിച്ചു. മുംബയ് മലയാളി അസോസിയേഷന്റെ 'വിശാല കേരളം" മാസികയിൽ ചെറുകഥകൾ എഴുതിയാണ് സാഹിത്യരംഗത്തേക്ക് കടന്നത്. ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ് 2002ൽ ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement