ചർമമുഴ വ്യാപകമാകുന്നു, ക്ഷീര കർഷകർ ആശങ്കയിൽ

Thursday 02 December 2021 12:50 AM IST
cow

പാലക്കാട്: സംസ്ഥാനത്ത് പശുക്കളിൽ ചർമമുഴ രോഗം വ്യാപകമാകുന്നതിനാൽ ക്ഷീര കർഷകർ ആശങ്കയിൽ. പാലുത്പാദനം ഗണ്യമായി കുറയുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പശുക്കളിലാണ് ഇപ്പോൾ രോഗം കൂടുതലായി കാണുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗബാധിതരായ പശുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

പശുക്കളുടെ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചർമമുഴ രോഗത്തിന് കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എൽ.എസ്.ഡി വൈറസുകളാണ്. കടിയീച്ച, ചെള്ള്, കൊതുക്, വട്ടൻ/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ് ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടർത്തുന്നത്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അമ്മയിൽനിന്ന് കിടാവിലേക്ക് പാൽ വഴിയും രോഗപ്പകർച്ചക്ക് സാധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പകർച്ചാനിരക്ക് കേവലം 20 ശതമാനവും മരണനിരക്ക് 5 ശതമാനത്തിൽ താഴെയും മാത്രമാണെങ്കിലും രോഗം മൂലമുണ്ടാവുന്ന ദീർഘനാളത്തെ ഉത്പാദന പ്രത്യുത്പാദന നഷ്ടമാണ് ഈ രോഗം വരുത്തിവയ്ക്കുന്ന പ്രധാന ആഘാതം.

  • ലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ച് 4 ദിവസം മുതൽ 5 ആഴ്ച വരെയുള്ള സമയത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊഴുകുക, ഗ്രന്ഥികളിലെ വീക്കം, വിശപ്പില്ലായ്മ, ഒരാഴ്ച നീളുന്ന പനി, പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ കട്ടിയുള്ള മുഴകൾ കണ്ടു തുടങ്ങും. ഇവ പൊട്ടി രക്തസ്രാവമുണ്ടാവുകയും മുറിവുകളായി മാറുകയും ചെയ്യും.

  • പ്രതിവിധി

വൈറസ് രോഗബാധയായതിനാൽ ഫലപ്രദമായ മരുന്നില്ല. രോഗം ബാധിച്ച പശുക്കളെ മാറ്റിപ്പാർപ്പിച്ച് ശരിയായ ചികിത്സയും പരിചരണവും നൽകണം. ശുചിത്വം രോഗനിയന്തണത്തിന് പ്രധാന ഘടകമാണ്. രോഗം ബാധിച്ച പശുവിന്റെ പാൽ നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.

Advertisement
Advertisement