സൗദിക്ക് പിന്നാലെ യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു,​ ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തി

Thursday 02 December 2021 2:26 AM IST

അബുദാബി : സൗദിക്ക് പിന്നാലെ ഗൾഫ് രാജ്യമായ യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു,​ ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ,​ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി,​ ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് യു.എ.ഇ.

നേരത്തെ വടക്കേ ആഫ്രിക്കയിൽ നിന്ന് സൗദി അറേബ്യയിലെത്തിയ സൗദി പൗരനിൽ ഒമിക്രോൺ വൈറസ് കണ്ടെത്തിയിരുന്നു . രോഗിയെയും സമ്പർക്കത്തിലേർപ്പെട്ടവരെയും ക്വാറന്റൈനിലാക്കിയെന്നും രോഗവ്യാപനം തടയാൻ നടപടികൾ സ്വീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി.

കഴിഞ്ഞയാഴ്ച ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി വിലക്കിയിരുന്നു. ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്രാവിലക്കില്ല.

നൈജീരിയയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞയാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ രണ്ടുപേരിലും ബ്രസീലിൽ മിഷണറി പ്രവർത്തകരായ ദമ്പതികളിലും ഒമിക്രോൺ സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ ജനങ്ങൾ കൊവി‌ഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും ബൂസ്റ്റർ വാക്സിനെടുക്കണമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭ്യർത്ഥിച്ചു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഫ്രാൻസ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി.