കെഎഎസുകാർക്ക് കൊടുക്കാനിരുന്ന ശമ്പള സ്കെയിൽ കണ്ട് ഐഎഎസുകാർ ഞെട്ടി, ഉടൻ വന്നു പാര

Thursday 02 December 2021 10:08 AM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്)​ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയി നിശ്ചയിച്ച് മന്ത്രിസഭായോഗ തീരുമാനം. മറ്റാനുകൂല്യങ്ങളും തീരുമാനിച്ചു. അതുപ്രകാരം അനുവദനീയമായ ഡി.എ, എച്ച്.ആർ.എ, പത്ത് ശതമാനം ഗ്രേഡ് പേയും അനുവദിക്കും. പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളം മാത്രം. മുൻ സർവീസിൽ നിന്ന് കെ.എ.എസിൽ എത്തുന്നവർക്ക് പരിശീലന കാലയളവിൽ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതൽ അത് നൽകും. പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവീസിൽ വിടുതൽ തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം 81,800 രൂപയെക്കാൾ കൂടുതലാണെങ്കിൽ അത് അനുവദിക്കും.

കെ.എ.എസ് ഉദ്യോഗസ്ഥർക്ക് സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി (ഹയർഗ്രേഡ്) തസ്തികയുടെ ശമ്പളം അനുവദിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. ഇതിനെ ഐ.എ.എസ് ഉദ്യോഗസ്ഥർ എതിർത്തു. അണ്ടർ സെക്രട്ടറി ഹയർഗ്രേഡിന്റെ ശമ്പള സ്കെയിൽ 95,600- 1,53,200 ഉം ആദ്യമായി അണ്ടർസെക്രട്ടറി തസ്തികയിലെത്തുന്നവരുടെ സ്കെയിൽ 63,700- 1,23,700ഉം ആണ്. രണ്ടിനും ഇടയ്ക്കായാണ് കെ.എ.എസുകാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത്. നിയമനം ലഭിച്ചവർക്ക് പരിശീലനം തുടങ്ങേണ്ട സാഹചര്യത്തിലാണ് ശമ്പളം നിശ്ചയിച്ചത്. 18 മാസമാണ് പരിശീലനം.