പറഞ്ഞ വാക്ക് പാലിച്ച് സിബിഐ,​ ഉറപ്പ് കൊടുത്ത് കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ അറസ്റ്റ്; പെരിയ കേസിൽ സിബിഐയുടെ പ്രവർത്തന ശൈലി ഇങ്ങനെയായിരുന്നു

Thursday 02 December 2021 3:19 PM IST

കൊച്ചി: പെരിയ കേസിൽ അഞ്ചു പ്രതികളെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ അഞ്ച് പേരെ പുതുതായി പ്രതിചേർക്കുകയും ചെയ്‌തു. 2020 ഡിസംബറിൽ കേസേറ്റെടുത്ത ശേഷം കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് കൊലപാതകത്തിൽ പങ്കാളികളായ പാർട്ടിനേതാക്കന്മാർ ഇപ്പോഴും പുറത്തുണ്ടെന്ന് ഇരുകുടുംബവും ആരോപിച്ചിരുന്നു.

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാമെന്നും​ പക്ഷേ ഇന്നോ നാളെയോ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത് എന്നുമായിരുന്നു അന്ന് സിബിഐ എസ് പി നന്ദകുമാരൻ നായരും ഡിവൈഎസ്‌പി‌ ടി പി അനന്തകൃഷ്‌ണനും പറഞ്ഞത്. ആ വാക്കുകൾ കൃത്യം ഒരു വർഷം പിന്നിടുമ്പോൾ പ്രാവർത്തികമായി.

സിബിഐയുടെ അന്വേഷണം തുടങ്ങിയതോടെ,​ പാർട്ടി ബന്ധമുള്ള, എന്നാൽ​ സംശയം തോന്നിയ പലരെയും പല ഘട്ടങ്ങളായി വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഓരോ നീക്കത്തിലും രഹസ്യ സ്വഭാവം പാലിച്ചിരുന്നുവെന്ന് വേണം പറയാൻ. പെരിയ കേസിൽ സിബിഐ നടത്തിയ പ്രവർത്തനശൈലി പ്രധാനമായും അതായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരാൾക്കും നേരിയ സൂചന പോലും നൽകിയില്ല. ഏതാണ്ട് മുന്നൂറിൽപ്പരം ആളുകളുടെ മൊഴിയെടുത്തിട്ടുണ്ട്.

സിബിഐയുടെ തുടരന്വേഷണം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ഓഗസ്റ്റ് മാസം ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ,​ നാല് മാസത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പെരിയ കേസിൽ സിബിഐ മുൻ എംഎൽഎയെ അടക്കം പ്രതി ചേർത്തതും ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്‌തതും.

ആകെ പത്ത് പേരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ 14 പ്രതികളെ ആദ്യം അറസ്റ്റ് ചെയ്‌തിരുന്നു. സിബിഐ കണ്ടെത്തിയ പ്രതികൾ കൂടി ആകുന്നതോടെ ആകെ 24 പേരാകും. മുൻ എംഎൽഎയും ബ്രാഞ്ച് സെക്രട്ടറിയും പ്രതി ചേർക്കപ്പെട്ടതോടെ സിബിഐയുടെ അന്വേഷണം പാർട്ടി തലപ്പത്തേക്ക് എത്തുന്നുവെന്ന ആശങ്ക പാർട്ടിക്കുള്ളിലുമുണ്ട്.