മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി, എം കെ സ്റ്റാലിന് കത്തയച്ചു

Thursday 02 December 2021 6:36 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. വേണ്ടത്ര മുന്നറിയിപ്പ് നൽകിയ ശേഷം കൂടിയാലോചന നടത്തി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നി‌ർദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നതെന്നും പെരിയാർ നദീതീരത്ത് താമസിക്കുന്നവരെ തമിഴ്നാടിന്റെ ഈ നീക്കം ദുരിതത്തിലാക്കിയെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. അണക്കെട്ടിന്റെ ഷട്ടറുകൾ പകൽ മാത്രമേ തുറക്കാവൂ എന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി വ്യക്തമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഡാമിലെ വെള്ളം തുറന്നുവിട്ടത് പെരിയാ‌ർ തീരത്ത് താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സെക്കൻഡിൽ 8000 ഘനയടിയിലധികം വെള്ളമാണ് കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് പെരിയാറിലേക്ക് തുറന്നു വിട്ടത്. പെരിയാർ തീരത്തുള്ള വീടുകളിൽ രാത്രി വെള്ളം കയറാൻ തമിഴ്നാടിന്റെ ഈ നീക്കം ഇടയാക്കി. പുലർച്ചെ രണ്ടരക്കാണ് ഡാമിലെ ഷട്ടറുകൾ തുറന്നത്. വീടുകളിൽ ഉറങ്ങിക്കിടന്നിരുന്നവരെ റവന്യൂ ഉദ്യോഗസ്ഥർ ഉറക്കമുണർത്തിയാണ് ഷട്ടറുകൾ തുറന്ന വിവരം അറിയിച്ചത്. പുലർച്ചെ അഞ്ചരയോടെ ഷട്ടറുകൾ അടച്ചുവെങ്കിലും പത്തു മണിക്ക് വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ദേശീയ പാതയും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനും നാട്ടുകാർ ഉപരോധിച്ചു.