അയിഷാ സുൽത്താനയുടെ പുതിയ സിനിമ വരുന്നു 124 ( A) പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ

Friday 03 December 2021 3:46 AM IST

കൊച്ചി.ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കായി വീറോടെ പോരാടിയ ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന പുതിയ സിനിമ 124 ( A) വരുന്നു.ഇന്ത്യൻ പീനൽകോഡിലെ രാജ്യദ്രോഹകുറ്റത്തിന്റെ വകുപ്പാണ് ചിത്രത്തിനിട്ട പേര്. സംവിധായകൻ ലാൽജോസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. " ആയിഷ സുൽത്താന എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.ആയിഷയുടെ പുതിയ സിനിമയാണ് 124 ( A).ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല.പക്ഷേ പേര് കൗതുകമുണർത്തുന്നതാണ്.രാജ്യം റിപ്പബ്ളിക്കായപ്പോൾ മുതൽ ഈ വകുപ്പിനെ ചൊല്ലി ചർച്ചകൾ തുടങ്ങിയതാണ്.ആയിഷയുടെ പടം തുടർ ചർച്ചകൾക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു." ലാൽജോസ് കുറിച്ചു.

" ഈ പിറന്നാൾ ദിനത്തിൽ ഉള്ളിന്റെ ഉള്ളിൽ ഞാൻ സങ്കടത്തിലാണ്.ഏറ്റവും വലിയ രാജ്യസ്നേഹിയായ ഞാൻ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടില്ലേ"---ആയിഷ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ ആയിഷയുടെ പിറന്നാളായിരുന്നു.124 ( A) ചുമത്തപ്പെട്ടതിലൂടെ താൻ നേരിടേണ്ടിവന്ന അനുഭവങ്ങളും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ നേരിടുന്ന വിഷയങ്ങളും എന്റെ സിനിമയിൽ പ്രതിപാദ്യവിഷയമാകും.മാതാപിതാക്കൾ കുറേക്കൂടി ശ്രദ്ധിച്ചാൽ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പാമ്പുകടിയേറ്റു മരിക്കേണ്ടി വരില്ലെന്ന് ആയിഷ പറ‌ഞ്ഞു. സിനിമയുടെ ചിത്രീകരണം അടുത്തവർഷം പകുതിയോടെ ആരംഭിക്കും.തിരക്കഥ തയ്യാറായിവരുന്നു.ഈ സിനിമയിൽ താൻ അഭിനയിക്കുന്നില്ലെന്നും ആയിഷ വ്യക്തമാക്കി. ലക്ഷദ്വീപിൽ കാര്യങ്ങൾ ഇപ്പോൾ ഒരുപരിധിവരെ ശാന്തമാണ്.അന്ന് ജനങ്ങൾ ചെറുത്തു നിന്നില്ലായിരുന്നെങ്കിൽ എല്ലാ കരിനിയമങ്ങളും നടപ്പിലായേനെ.ഇപ്പോൾ യാത്രാനിരക്ക് കൂട്ടി.കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എടുത്തു കളഞ്ഞു.പ്രശ്നങ്ങൾ ഇല്ലാതില്ല.തന്റെ പേരിൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിഷ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആയിഷ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയത്. ആയിഷ സംവിധാനം ചെയ്ത ഫ്ളഷ് എന്ന മലയാള ചിത്രം ജനുവരിയിൽ തിയറ്റർ റിലീസിനൊരുങ്ങുകയാണ്.

We fall only to rise again...

ആയിഷയുടെ കുറിപ്പ്--ബോക്സ്

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം

ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം,
ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്തു ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,"ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപ്പടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു...

ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു...
ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി

എന്റെ നേരാണ് എന്റെ തൊഴിൽ,
വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം...

ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം
124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു...

ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്
We fall only to rise again...

Advertisement
Advertisement