ശബരി പാത: ദക്ഷിണ റെയിൽവേയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചർച്ച

Friday 03 December 2021 12:38 AM IST

തിരുവനന്തപുരം: ശബരിപാത യാഥാർത്ഥ്യമാക്കാൻ ദക്ഷിണ റെയിൽവേയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.

പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാനം ഉത്തരവിറക്കിയ സാഹചര്യത്തിൽ, പദ്ധതി കഴിഞ്ഞ വർഷം മരവിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി പിൻവലിച്ച് ഭൂമിയേറ്റെടുക്കൽ തുടങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺതോമസ്, ചീഫ്സെക്രട്ടറി വി.പി.ജോയി എന്നിവരാണ് ചർച്ചയിലുണ്ടാവുക.

റെയിൽവേയുടെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് രണ്ടു മാസത്തിനകം കൈമാറും. ഇതിനായി ചെറുവിമാനമുപയോഗിച്ച് 41കിലോമീറ്ററിൽ ആകാശസർവേ നടത്തും. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്തകമ്പനിയായ റെയിൽവേ വികസന കോർപറേഷനെ (കെ.ആർ.ഡി.സി.എൽ) സർവേ ചുമതലയേൽപ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി നേരത്തേ അംഗീകരിച്ച അലൈൻമെന്റിലാണ് സർവേ. അങ്കമാലി-കാലടി ഏഴു കിലോമീറ്റർ റെയിൽപ്പാതയുണ്ടാക്കിയതിനടക്കം പദ്ധതിയിൽ 264 കോടിരൂപ റെയിൽവേ മുടക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കാനായി നൽകിയ 100 കോടി മറ്റ് പദ്ധതികൾക്കായി വകമാറ്റണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നു. 20 വർഷം മുൻപ് പദ്ധതിക്കായി 900 പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വിൽക്കാനോ ഈട് വച്ച് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്.

 50 ഇനങ്ങളിൽ ചർച്ച

ശബരിപാതയ്ക്ക് പുറമെ തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ, പാതയിരട്ടിപ്പിക്കൽ, വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽപാത, റെയിൽവേ മേൽപ്പാലങ്ങൾ എന്നിങ്ങനെ 50 റെയിൽ വികസന പദ്ധതികളാണ് മുഖ്യമന്ത്രി ദക്ഷിണറെയിൽവേയുമായി ചർച്ച ചെയ്യുക.

Advertisement
Advertisement