ഓൺലൈൻ കള്ളക്കളി ഒതുക്കാൻ ഐ.ടി വകുപ്പ്

Thursday 02 December 2021 11:31 PM IST

കൊല്ലം: വ്യാജ അക്ഷയ കേന്ദ്രങ്ങളും അനുമതിയില്ലാത്ത ഓൺലൈൻ കേന്ദ്രങ്ങളും പെരുകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.ടി വകുപ്പ് പരിശോധന തുടങ്ങി. നിലവിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി തൊട്ടടുത്തുള്ള വ്യാജ അക്ഷയ കേന്ദ്രങ്ങളുടെയും അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളുടെയും കണക്കെടുപ്പിനാണ് തുടക്കമായത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് നേരത്തെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് പുതിയ കണക്കെടുപ്പ്.

കോർപ്പറേഷൻ പരിധിയിൽ ഒരു കിലോമീറ്രർ, പഞ്ചായത്തുകളിൽ രണ്ട് കിലോമീറ്റർ, മുനിസിപ്പിലാറ്റികളിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ മാത്രമേ ഓൺലൈൻ സേവനങ്ങൾ അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ ഇതിന് വിരുദ്ധമായി തദ്ദേശ സ്ഥാപനങ്ങൾ പുതിയ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയും പ്രവർത്തിക്കുന്നവയുണ്ട്. ഇന്നലെ മാത്രം ഇത്തരം 80 സ്ഥാപനങ്ങൾ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.

 സുരക്ഷ ഭീഷണി

അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അധാർ, പാൻകാർഡ് അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ട്. വിവിധ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ- ഡിസ്ട്രിക്ട് പോർട്ടൽ പൊതുവേ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ഐ.ഡിയുണ്ട്. ഇതിനു പുറമേ സ്വകാര്യ വ്യക്തികൾക്ക് നിശ്ചിതകാലത്തേക്ക് സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായും ഐ.ഡി എടുക്കാം. എന്നാൽ അനധികൃത കേന്ദ്രങ്ങൾ തങ്ങളുടെ മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ പേരിൽ ഐ.ഡി ഉണ്ടാക്കിയ ശേഷം മറ്റുള്ളവരുടെ അപേക്ഷകൾ നൽകുന്നതായും പരാതിയുണ്ട്. ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി

 അമിത ഫീസ്

യഥാർത്ഥ അക്ഷയ കേന്ദ്രങ്ങളും അനധികൃത കേന്ദ്രങ്ങളും ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് വാങ്ങുന്നതായി പരാതിയുണ്ട്. യഥാർത്ഥ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ ഇത്തരം പരാതികളുയരുമ്പോൾ നടപടി എടുക്കാറുണ്ട്. എന്നാൽ അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

# അക്ഷയ കേന്ദ്രങ്ങളിലെ ചില സേവനങ്ങളും ഫീസും

 ആധാർ എടുക്കൽ: സൗജന്യം

 ആധാറിൽ ബയോമെട്രിക് അപ്ഡേറ്റ്: 100

 ആധാറിൽ ഡെമോഗ്രാഫിക് അപ്ഡേറ്റ്: 50

 രണ്ടും കൂടി ഒരുമിച്ച്: 100

 ഇ- ഡിസ്ട്രിക്ട് സേവനങ്ങൾക്ക്: 25 (ഒരു പേജ് സ്കാൻ ചെയ്യാനും പ്രിന്റെടുക്കാനും 3 രൂപ വീതം)

 വൈദ്യുതി ചാർജ്, വാട്ടർ ചാർജ്: 15 (ആയിരം രൂപ വരെ)

 റേഷൻ കാർഡിന് അപേക്ഷിക്കാൻ: 65 (പ്രിന്റ് സഹിതം)

 തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ: 40

 പാസ്പോർട്ടിന് അപേക്ഷിക്കാൻ: 200

Advertisement
Advertisement