കുത്തിവയ്പ് മാറി,15 വയസുള്ളവർക്ക് കൊവിഡ് വാക്സിനെടുത്തു

Friday 03 December 2021 12:00 AM IST

ആര്യനാട്: ടി.ടി.കുത്തിവയ്പ് എടുക്കാൻ എത്തിയ 15 വയസുള്ള രണ്ടു വിദ്യാർത്ഥിനികൾക്ക് നൽകിയത് കൊവിഷീൽഡ് വാക്സിൻ. ഇന്നലെ രാവിലെ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ല.

രക്തഗ്രൂപ്പ് പരിശോധിക്കുന്നതിനാണ് കുളപ്പട സ്വദേശികളായ മൂന്ന് വിദ്യാർത്ഥിനികൾ എത്തിയത്. രണ്ടുപേർ 15 വയസിലെ കുത്തിവയ്പ് എടുക്കണമെന്ന് പറഞ്ഞു. ഒ.പി ടിക്കറ്റ് എടുത്ത് നിർദേശിച്ച സ്ഥലത്ത് എത്തിയപ്പോൾ കൊവിഡ് വാക്സിൻ നൽകുകയായിരുന്നു. മൂന്നുപേരും മടങ്ങിപ്പോയി.കുത്തിവയ്പ് എടുക്കാത്ത കുട്ടി കൂട്ടുകാരികൾ കുത്തിവച്ച കാര്യം വീട്ടിൽ പറഞ്ഞു. എന്നാൽ പോയി എടുക്കാൻ വീട്ടുകാർ നിർദേശിച്ചു. ഹെൽത്ത് സെന്ററിലെത്തി കുത്തിവയ്പ് ആവശ്യപ്പെട്ട് കൂട്ടുകാരികളുടെ കാര്യം പറഞ്ഞപ്പോഴാണ് ജീവനക്കാർക്ക് അബദ്ധം മനസിലായത്. ഉടൻ മറ്റു രണ്ടുപേരെയും ഉഴമലയ്ക്കൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.കുട്ടികളുടെ വാക്സിനേഷനുള്ള സ്ഥലത്ത് എത്തുന്നതിനു പകരം കൊവിഡ് വാക്സിൻ സ്ഥലത്ത് എത്തിയതാണ് പിഴവിന് കാരണമെന്ന് ആര്യനാട് ആശുപത്രി മെഡിക്കൽ ഓഫിസർ അറിയിച്ചു.