ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം, തിരുവല്ലയിൽ  സി പി എം  ഹർത്താൽ

Friday 03 December 2021 12:06 AM IST

തിരുവല്ല: പെരിങ്ങര ലോക്കൽ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയിൽ സി പി എം ഹർത്താൽ. നഗരസഭയിലും പെരിങ്ങര ഉൾപ്പടെയുള്ള അഞ്ചുപഞ്ചായത്തുകളിലും രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുൻ പഞ്ചായത്ത് അംഗം കൂടിയായ സന്ദീപിനെ കുത്തിക്കൊന്നത്. സന്ദീപിന്റെ നെഞ്ചിൽ ഒമ്പത് കുത്തുകളേറ്റു എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് കുത്തിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയിൽ ആർ.എസ്.എസ് - സി.പി.എം സംഘർഷം നിലനിന്നിരുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നാണ് ആർ എസ് എസ് പറയുന്നത്.