ആടുകൾക്ക് കാവലായി 'സീത'യുടെ സവാരിഗിരി

Friday 03 December 2021 12:54 AM IST

നിലമ്പൂർ: വാനരപ്പെണ്ണിനെന്താ ആടിന്റെ പുറത്ത് കാര്യം?​ അതിനൊരു കഥയുണ്ട്. കാഞ്ഞിരക്കടവ് ആദിവാസി ഊരിലെ ജാനകിയുടെ ആടുകൾക്ക് ഈ കുറുമ്പിക്കുരങ്ങ് കാവൽക്കാരിയായ കഥ.

ഒരു വർഷമായി സീതക്കുരങ്ങിന്റെ 'ആടുജീവിതം' തുടങ്ങിയിട്ട്. ജാനകി നൽകിയ പേരാണ് സീത. കാട്ടിനുള്ളിൽ ആടുകൾ മേയുന്നതിനിടയിൽ വന്നുപെട്ടതാണ്. വന്യമൃഗങ്ങൾ വരുമ്പോൾ പ്രത്യേക ശബ്ദമുണ്ടാക്കി മുന്നറിയിപ്പ് നൽകിയിരുന്ന പെൺകുരങ്ങ് ഒരുനാൾ ആടുകൾക്കൊപ്പം ജാനകിയുടെ വീട്ടിലേക്കു പോന്നു.

കാഞ്ഞിരക്കടവിൽ നിന്നു പാലം കടന്ന് നെടുങ്കയം വനപ്രദേശത്തേക്ക് ആട്ടിൻകൂട്ടം വരുമ്പോൾ പിറകിലായി രണ്ടു സ്ത്രീകളുണ്ടാകും. ഒപ്പം രണ്ടു നായകളും. ഈപ്പോൾ തേരാളി സീതക്കുരങ്ങാണ്. തലയെടുപ്പുള്ള ഒരാടിന്റെ പുറത്തേറിയാണ് വരവ്. ആട്ടിൻകൂട്ടത്തെ പുൽമേട്ടിൽ എത്തിച്ചശേഷം മരക്കൊമ്പിൽക്കയറി പരിസരമൊന്ന് വീക്ഷിക്കും. ഇടയ്ക്ക് ചാടിയിറങ്ങി ആടുകളുടെ പുറത്തേക്കുകയറി കിന്നാരം പറയും.

മരത്തിനു മുകളിൽ ഇരിക്കുന്ന സീത വന്യമൃഗങ്ങൾ വരുന്നതും മഴവരുന്നതും കൃത്യമായി അറിയും. അതിന്റെ സിഗ്നൽ നൽകി ആട്ടിൻകൂട്ടത്തെ നയിക്കുന്നത് കൗതുകമേറിയ കാഴ്ചയാണ്.

കരിമ്പുലി വനം

കരിമ്പുഴയുടെ തീരത്താണ് കാഞ്ഞിരക്കടവ് ഊര്. പുഴയുടെ മറുകരയിലെ വനത്തിൽ കരിമ്പുലിയും കടുവയുമൊക്കെയുണ്ട്. ആടുകളെ അവയുടെ കണ്ണിൽപ്പെടാതെ കരുതാൻ സീതക്കുരങ്ങിനറിയാം.