പെരിയ കേസ്: 88 ലക്ഷം രൂപ സി.പി.എം തിരിച്ചടയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി

Friday 03 December 2021 2:56 AM IST

തിരുവനന്തപുരം: പെരിയയിൽ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ 5 സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കേസിനായി ഖജനാവിൽ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സി.പി.എം തിരിച്ചടയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

എതിർ പാർട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാർട്ടിക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സർക്കാർ ചെലവിൽ ഇറക്കുമതി ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.

ഏപ്രിൽ 17ന് എ.ജിയുടെ ഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിപ്രകാരം പെരിയ കേസിൽ അഭിഭാഷകർക്ക് 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസിൽ 75.40 ലക്ഷം രൂപയും. ഏപ്രിൽ 17ന് ശേഷമനുവദിച്ച തുക ഈ കണക്കിലില്ല.

പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഏതു വിധേനയും തടയാനാണ് അഭിഭാഷകരെ ഇറക്കുമതി ചെയ്ത് അപ്പീൽ പോയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Advertisement
Advertisement