സി.പി.എം ജില്ലാ സമ്മേളനങ്ങൾ 10 മുതൽ
Saturday 04 December 2021 12:46 AM IST
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങൾ ഈ മാസം 10നാരംഭിക്കും. ഡിസംബർ, ജനുവരി മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സംസ്ഥാനസമ്മേളനം. അതിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഈ മാസം എട്ടിന് എറണാകുളത്ത് ചേരും. സമ്മേളനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് വിപുലമായി നടത്തുമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
ഏരിയാ സമ്മേളനങ്ങളിൽ ചിലേടത്ത് മത്സരമുണ്ടായിട്ടുണ്ട്. തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടിയല്ല സി.പി.എം. തിരഞ്ഞെടുപ്പ് പാർട്ടി വിലക്കിയിട്ടില്ല. തെറ്റായ രീതിയിൽ വിഭാഗീയതയുടെ ഭാഗമായാണ് മത്സരം നടക്കുന്നതെങ്കിൽ ഉപരികമ്മിറ്റികൾ ഇടപെട്ട് തിരുത്തുന്നതാണ് രീതിയെന്നും കോടിയേരി ചോദ്യത്തിന് മറുപടി നൽകി.