വിജയരാഘവനുമുണ്ട് അഭിമാനിക്കാൻ

Saturday 04 December 2021 12:55 AM IST

തിരുവനന്തപുരം: വിവാദങ്ങളിൽ സർക്കാരിന് ഉറച്ച പിന്തുണയേകിയും വാർത്താസമ്മേളനങ്ങളിലെ ചോദ്യങ്ങളെ തന്ത്രപരമായി മറികടന്നുമാണ് ഒരു വർഷം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എ. വിജയരാഘവൻ ശോഭിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കവും തുടർഭരണവുമെല്ലാം സാദ്ധ്യമായത് വിജയരാഘവൻ ചുമതല വഹിച്ച കാലത്തായി എന്നതിൽ അദ്ദേഹത്തിനും അഭിമാനിക്കാം. സി.പി.എം കേന്ദ്രകമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള സീനിയർ അംഗമെന്ന നിലയിൽ അദ്ദേഹം പാർട്ടി നേതൃനിരയ്ക്ക് കൂടുതൽ സ്വീകാര്യനാകാനും ഈ താൽക്കാലിക സ്ഥാനലബ്ധി വഴിയൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നിർണായക നാളുകളിൽ പാർട്ടിക്കും മുന്നണിക്കും പോറലേൽക്കാതെ കൊണ്ടുപോയ സംഘാടകമികവാണ് വിജയരാഘവനിൽ നിന്നുണ്ടായത്.

കേന്ദ്രകമ്മിറ്റിയിലെ സീനിയോറിറ്റിയാകാം ഇടതുമുന്നണി കൺവീനർ സ്ഥാനത്തേക്ക് വൈക്കം വിശ്വന് പകരക്കാരനായി വിജയരാഘവനെ പരിഗണിക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. വരുന്ന പാർട്ടി കോൺഗ്രസോടെ പോളിറ്റ്ബ്യൂറോയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റ സാദ്ധ്യതയും തള്ളാനാവില്ലെന്ന വിലയിരുത്തലുണ്ട്.

Advertisement
Advertisement