വാക്‌സിൻ എടുക്കാത്തവർ 1707, ഏറ്റവും കൂടുതൽ ആളുകൾ മലപ്പുറത്ത്; അദ്ധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

Saturday 04 December 2021 9:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്‌സിനെടുക്കാത്തത്. ഇതിൽ 1066 പേർ എൽ. പി, യു പി, ഹൈസ്‌കൂളുകളിൽ നിന്നുള്ളവരാണ്.

ഹയർസെക്കന്ററിയിൽ 200 അദ്ധ്യാപകരും 23 അനദ്ധ്യാപകരും ഇതുവരെ വാക്‌സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വി എച്ച് എസ് ഇയിൽ 229 അദ്ധ്യാപകരാണ് വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളത്.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ(201) വാക്‌സിൻ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേർ മാത്രമാണ് ഇനി വാക്‌സിൻ എടുക്കാനുള്ളത്.

'അദ്ധ്യാപകരുടെ പേരുകൾ പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സമൂഹം അറിയണമെന്ന് ഇന്നലെ പറഞ്ഞു. ഏതൊക്കെ അദ്ധ്യാപകനാണെന്ന് പറയുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും അദ്ധ്യാപകനെ മാനസികമായി പീഡിപ്പിക്കാനൊന്നുമല്ലല്ലോ. കാര്യങ്ങൾ നടന്നുപോകണം. നമ്മുടെ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കണം അത്രേയുള്ളു. ഏതൊക്കെ സ്‌കൂളുകളിലൊണെന്നൊക്കെ ലിസ്റ്റുണ്ട്. വേണ്ട, അതൊന്നും ഇപ്പോൾ വേണ്ട, വേണ്ടി വന്നാൽ പിന്നെ ആലോചിക്കാം.'-മന്ത്രി പറഞ്ഞു.


എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്‌സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും, വാക്സിൻ എടുക്കാത്തവർ എല്ലാ ആഴ്ചയും ആർ ടി പി സി ആർ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലകളിലെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കണക്കുകൾ

തിരുവനന്തപുരം:110
കൊല്ലം:90
പത്തനംതിട്ട:51
ആലപ്പുഴ:89
കോട്ടയം: 74
ഇടുക്കി:43
എറണാകുളം 106

തൃശൂർ:124
പാലക്കാട്: 61
മലപ്പുറം: 201
കോഴിക്കോട്: 151
വയനാട്: 29
കണ്ണൂർ:90
കാസർകോട്: 36

Advertisement
Advertisement