ജനിച്ച മണ്ണിൽ പത്തിൽ പത്തും നേടി അജാസ്

Sunday 05 December 2021 12:46 AM IST

മുംബയ്: മുംബയിൽ ജനിച്ചുവളർന്ന ന്യൂസിലാൻഡ് ഓഫ് സ്പിന്നർ അജാസ് പട്ടേൽ ഇന്നലെ അതേ മണ്ണിൽ പെർഫക്ട് ടെൻ നേടി അത്ഭുതമായി. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലാണ് 10 വിക്കറ്റും വീഴ്ത്തി ഈ നേട്ടം കൊയ്യുന്ന ലോകത്തെ മൂന്നാമത്തെ താരമായത്. ആദ്യ ദിനം നാലു വിക്കറ്റുകൾ നേടിയ അജാസ് ഇന്നലെ ബാക്കി ആറ് വിക്കറ്റുകൾ കൂടി വീഴ്ത്തുകയായിരുന്നു. 47.5 ഓവർ - 12 മെയ്ഡൻ- 119 റൺസ്- 10 വിക്കറ്റ്.

അജാസ് ഒറ്റയ്ക്ക് എറിഞ്ഞിട്ടെങ്കിലും ആദ്യ ഇന്നിംഗ്സിൽ മായങ്ക് അഗർവാളിന്റെ (150) മികവിൽ 325 റൺസ് നേടിയ ഇന്ത്യ കിവീസിനെ വെറും 62 റൺസിന് പുറത്താക്കി ടെസ്റ്റിൽ ആധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് വീഴാതെ 69 റൺസ് എടുത്തതോടെ ഇന്ത്യയുടെ ലീഡ് 332 റൺസായി. മൂന്നു ദിവസത്തെ കളി ബാക്കിയുണ്ട്.

ജിം ലേക്കർ, കുംബ്ളെ

 1956 ൽ ഓസീസിനെതിരെ ഇംഗ്ളീഷ് ഓഫ് സ്പിന്നർ ജിം ലേക്കറാണ് ആദ്യമായി ഒരിന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയത്

 1999 ൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ളെ ഈ നേട്ടം സ്വന്തമാക്കി. അജാസിനെ കുംബ്ളെ അഭിനന്ദിച്ചു.

ജനിച്ചുവീണ മണ്ണിൽത്തന്നെ ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് ദൈവ നിയോഗം

- അജാസ് പട്ടേൽ

Advertisement
Advertisement