ലൈഫ് തർക്കം പരിഹരിക്കാനുള്ള യോഗം മാറ്റി

Saturday 04 December 2021 10:53 PM IST

ലൈഫ് മിഷൻ അധികൃതരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : പാവപ്പെട്ടവർക്കുള്ള സൗജന്യ ഭവന പദ്ധതിയായ ലൈഫിന്റെ അപേക്ഷകൾ പരിശോധിക്കുന്നതിൽ തദ്ദേശ,കൃഷി വകുപ്പുകളുടെ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി. ഇന്നലെ വൈകിട്ട് നാലിനാണ് ഓൺലൈൻ യോഗം നിശ്ചയിച്ചിരുന്നത്. ലിങ്കും ലഭ്യമാക്കി. പിന്നീട് യോഗം 4.30ന് മാറ്റിയെങ്കിലും ചീഫ് സെക്രട്ടറിയുടെ അസൗകര്യം കാരണം വീണ്ടും മാറ്റുകയായിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

തദ്ദേശ,കൃഷി വകുപ്പ് സെക്രട്ടറിമാർ ഡയറക്ടർമാർ, ജീവനക്കാരുടെ പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരെല്ലാം പങ്കെടുക്കാൻ നിർദ്ദേശിച്ചിരുന്നു.

അതേസമയം ലൈഫ് മിഷൻ സി.ഇ.ഒ പി.ബി.നൂഹ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിലവിലെ സ്ഥിതിയും പ്രതിസന്ധിയും അവരോട് ആരാഞ്ഞു. പരിശോധനയുടെ കാലതാമസം ഉദ്യോഗസ്ഥർ വിശദീകരിച്ചെന്നാണ് അറിയുന്നത്.

ലൈഫ് മിഷനിൽ വീടിനായി സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ കൃഷി അസിസ്റ്രന്റുമാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചെങ്കിലും അവരെ വിട്ടു നൽകാനാകില്ലെന്ന് കൃഷിവകുപ്പ് ശഠിച്ചതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. ഇതോടെ 9.26 ലക്ഷം അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഡിസംബർ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കാനായില്ല. ഇക്കാര്യം ബുധനാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിസന്ധി ലൈഫ് മിഷൻ സർക്കാരിനെ അറിയിച്ചതോടെ ഈമാസം 20വരെ പരിശോധനയ്ക്ക് സമയം നീട്ടി നൽകി. എന്നാൽ ജീവനക്കാരില്ലാത്തിനാൽ പരിശോധന നിശ്ചിത സമയത്ത് തീർക്കാനാവില്ലെന്നാണ് ലൈഫ് മിഷൻ പറയുന്നത്. ഇതോടെയാണ് ചീഫ് സെക്രട്ടറി ചർച്ച വിളിച്ചത്.

Advertisement
Advertisement