ചക്രക്കസേരയിൽ സീനടീച്ചർ നേടി കുട്ടികൾക്ക് 100 മേനി

Sunday 05 December 2021 12:09 AM IST

തൃശൂർ : ചക്രക്കസേരയിൽ സ്‌കൂളിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ ഭാവിക്കൊപ്പം പ്രസന്നമാവുകയാണ് സീനടീച്ചറുടെ മനസ്സും. ഉത്തരവാദിത്വം ഏറ്റെടുത്തതുമുതൽ എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയമാണ് തൃശൂർ രാമവർമ്മപുരം ജി.വി.എച്ച്.എസിന്. പ്രഥമ അദ്ധ്യാപികയായി സ്ഥാനമേറ്റ ആദ്യ ദിവസം മുതൽ ഓഫീസ് ആക്കേണ്ടി വന്നത് സ്വന്തം കാർ. അതിന് രണ്ടു ദിവസം മുമ്പ് കാറിൽനിന്ന് ഇറങ്ങുമ്പോൾ ശേഷിക്കുറവുള്ള കാൽ ഇടറിയതോടെ വീണ് മുട്ടിന്റെ ചിരട്ട പൊട്ടി. കാൽ മടക്കാനാവാത്ത വിധം കണങ്കാൽ മുതൽ മുട്ടിനു മുകളിൽ വരെ പ്ലാസ്റ്ററിട്ടു.
പത്താം ക്ലാസ് കുട്ടികളുടെ പാഠപുസ്തകം വിതരണം ചെയ്യേണ്ട സമയമായിരുന്നതിനാലും അദ്ധ്യാപകരുടെ ശമ്പളം മുടങ്ങുമെന്നതിനാലും അവധി എടുക്കാനാവുമായിരുന്നില്ല. കാറിന്റെ പിൻ സീറ്റ് പലകയും കുഷ്യനും വിരിയും ഇട്ട് കിടക്കയാക്കി ഓഫീസായി സജ്ജീകരിച്ചു. സ്‌കൂൾ വളപ്പിൽ കാർ നിറുത്തി ഡിക്കി തുറന്നു വച്ച് സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു തീർത്തു.

ആ മുഖത്തെ പുഞ്ചിരി മാത്രം മതി കുട്ടികൾക്ക് മനസ്സ് നിറയാൻ. കുട്ടികളെ സംഘടിപ്പിച്ച് ഒരു ഏക്കറിൽ നെൽക്കൃഷി ചെയ്തും 100 മേനി വിളയിച്ചു. പച്ചക്കറിത്തോട്ടവും ഉണ്ടാക്കി. കൂട്ടിന് മറ്റ് അദ്ധ്യാപകരും കുടുംബവും.

കുഞ്ഞായിരിക്കുമ്പോൾ ഒരു കാലിലെ പേശിക്ക് ബലക്കുറവുള്ളതിനാൽ നടക്കാൻ പരസഹായം വേണമായിരുന്നു. ഒന്നര വയസിലാണ് ചിറ്റാട്ടുകര ആളൂർ വീട്ടിൽ സീനയെ മസ്‌കുലർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ചത്. അസുഖത്തെ അവഗണിച്ച് ഓടിച്ചാടി നടന്നെങ്കിലും പിന്നീട് വയ്യാതായി. കോളേജിലും ഹോസ്റ്റലിൽ നിന്ന് ബി.എസ്‌സി, ബി.എഡ് പൂർത്തിയാക്കി അദ്ധ്യാപികയായി.

കോട്ടേക്കാട് തറയിൽ വീട്ടിൽ ജേക്കബാണ് ഭർത്താവ്. എന്നും കാറിൽ സ്‌കൂളിൽ എത്തിക്കുന്നത് ഭർത്താവാണ്. മകൻ : സെബാസ്റ്റ്യൻ. സീന പള്ളിയിലെ ജീസസ് യൂത്ത് എന്ന സംഘടനയിലും സജീവമാണ്.

Advertisement
Advertisement