യാത്രാസൗകര്യമില്ലാതെ വടക്കേ മണ്ണീറ കോളനി നിവാസികൾ

Sunday 05 December 2021 12:20 AM IST

കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ വടക്കേ മണ്ണീറ ആദിവാസി കോളനി നിവാസികൾ യാത്രാസൗകര്യമില്ലാതെ ദുരിതത്തിൽ. മഴക്കാലത്ത് മണ്ണീറതോട്ടിൽ ഒഴുക്ക് ശക്തമാകുമ്പോൾ മറുകര കടക്കാനാകാതെയും വഴിയില്ലാതെയും വനത്തോട് ചേർന്ന കോളനിയിലെ കുടുംബങ്ങൾ ഒറ്റപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ് കോളനിയിലേക്ക് നടപ്പാലവും റോഡും നിർമ്മിച്ചതാണ്. ഇപ്പോൾ റോഡ് സഞ്ചാരയോഗ്യമല്ലെന്നു മാത്രമല്ല, കുറെ ഭാഗത്തു ഒരാൾക്ക് മാത്രം പോകാവുന്ന നടപ്പാത മാത്രമാണുള്ളത്. വീട് നിർമ്മിക്കുന്നതിന് കോളനി നിവാസികൾക്ക്‌ സർക്കാർ ആനുകൂല്യം ലഭിക്കുമെങ്കിലും നിർമാണ സാമഗ്രികൾ തലച്ചുമടായി എത്തിക്കണം. കോളനിയിലെ രണ്ടു കുടുംബങ്ങൾ ഇപ്പോഴും ടാർപ്പാളിൻ വലിച്ചു കെട്ടിയ ഷെഡിലാണ് താമസം. ഏഴു വർഷങ്ങൾക്ക് മുൻപ് ഇന്ദിരഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച രണ്ടുവീടുകളുടെ പണികൾ കൂടുതൽ തുക ചെലവഴിച്ചാണ്‌ പൂർത്തീകരിച്ചത്. നിർമ്മാണ സാമഗ്രികൾ എത്തിക്കാനായി വലിയ തുക ചുമട്ടുകൂലിയായി മുടക്കേണ്ടിവന്നു. കോളനിനിവാസികൾ യാത്ര സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. തോട് കടക്കാൻ നടപ്പാലമുണ്ടെങ്കിലും നാശാവസ്ഥയിലാണ്. ഉയർച്ചയും താഴ്ചയുമായി കിടക്കുന്ന റോഡിൽ സംരക്ഷണഭിത്തി നിർമിച്ചു നിരപ്പാക്കി കോൺക്രീറ്റ് ചെയ്താൽ മാത്രമേ യാത്രാദുരിതത്തിന് പരിഹാരമാകു.

Advertisement
Advertisement