ഐശ്വര്യമായി പ്രീതി

Sunday 05 December 2021 12:36 AM IST

കല്ലും മുള്ളും നിറഞ്ഞ പാത താണ്ടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി-എസ്.എൻ ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുമ്പോൾ താങ്ങായി പ്രീതി നടേശനെന്ന ഐശ്വര്യവുമുണ്ട്. എസ്.എൻ.ഡി.പി യോഗമെന്ന മഹാ പ്രസ്ഥാനത്തിന്റെ നേതൃത്വം നടേശേട്ടനെ തേടിയെത്തിയ നിയോഗമാണെന്ന് പ്രീതി പറയുന്നു. ആദ്യമൊക്കെ എതിർപ്പായിരുന്നു. പിന്നീട് അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നു. ഒാർമ്മകൾ പങ്കുവയ്ക്കുകയാണ് സഹധർമ്മിണി പ്രീതി നടേശൻ.

ഒപ്പമുണ്ടെന്ന് പറയുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത് എനിക്ക് സംഘടനാകാര്യങ്ങളിൽ അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ്. അതിനാൽ പലരും ശുപാർശകളുമായി എത്തും. അവരോടെല്ലാം യാഥാർത്ഥ്യം വ്യക്തമാക്കിയാലും വിശ്വസിക്കില്ല. സംഘടനയുടെ ചുമതല ഏറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ ഔദ്യോഗിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ഒഴിവാക്കാൻ കഴിയാത്ത ചിലരുടെ ശുപാർശ അവതരിപ്പിച്ചപ്പോഴൊക്കെയും അത് നിരാകരിക്കുകയായിരുന്നു. അതുകൊണ്ട് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തെ സ്വാധീനിക്കാൻ ആർക്കും സാധിക്കില്ലെന്ന് അടിവരയിട്ട് പറയാൻ കഴിയും.

അനാവശ്യമായി പണം ചെലവഴിക്കുന്ന സ്വഭാവമില്ല. അതുതന്നെയാണ് യോഗത്തിലും ട്രസ്റ്റിലുമുണ്ടായ മാറ്റങ്ങൾക്ക് കാരണം. എന്നാൽ, ദുഃഖം അനുഭവിക്കുന്നവരെ കണ്ടാൽ വാരിക്കോരി കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് ലക്ഷങ്ങൾ കിട്ടാക്കടമായതോടെ വിവാഹത്തിനു മുമ്പ് നടത്തിയിരുന്ന പലചരക്കു കട അടച്ചതെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.

എല്ലാവർക്കും വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് നടേശേട്ടൻ. നമ്മുടെ ഇഷ്ടങ്ങൾ ചോദിച്ചറിയും. അവ സാധിച്ച് നൽകാൻ മടിയുമില്ല. തിരക്കുകൾക്കിടയിലും വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നിട്ടില്ല. സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളുമുഴുവൻ സ്നേഹമാണ്. എനിക്ക് സുഖമില്ലാതെ വന്നാൽ പോലും പരമാവധി സാഹചര്യങ്ങളിൽ മറ്റു തിരക്കുകൾ ഒഴിവാക്കി ഒപ്പം നിൽക്കാൻ ശ്രമിക്കും.

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്തേക്ക് നടേശേട്ടൻ വരുന്നതിൽ ആദ്യം എനിക്ക് എതിർപ്പായിരുന്നു. മുൻഗാമികളായ ആർ. ശങ്കറും രാഘവൻ വക്കീലും അനുഭവിച്ച വിഷമതകളും വെല്ലുവിളികളും അറിയാമായിരുന്നു. അതിനാൽ ഞാൻ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നെ രമ്യതയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു ദിവസം ശാശ്വതികാനന്ദ സ്വാമി വീട്ടിലെത്തി. ഏറെ നേരം സംസാരിച്ച സ്വാമി ഒടുവിൽ 'സന്യാസി വന്ന് ഭിക്ഷ ചോദിക്കുകയാണ്' എന്നാണ് പറഞ്ഞത്. ആ വാക്കുകൾക്കു മുന്നിൽ എനിക്ക് മറുപടിയില്ലായിരുന്നു. അറിവില്ലായ്മ മൂലമാണ് തർക്കിച്ചതെന്നു പറഞ്ഞപ്പോൾ, എന്തു വിഷമവും ഗുരുവിൽ സമർപ്പിക്കാനായിരുന്നു ഉപദേശം.

സ്ഥാനം ഏറ്റെടുക്കുന്നതോടെ വിവാദങ്ങൾ ആരംഭിക്കുമെന്ന ഭയം അസ്ഥാനത്തായില്ല. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പതറാത്ത മനസ്സുണ്ട് അദ്ദേഹത്തിന്. തെറ്റു ചെയ്യുന്നില്ല എന്ന ധൈര്യമാണ് അതിനു കാരണം. എത്രയോ പേരുടെ പ്രാർത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്.

മനസ്സിൽ തോന്നുന്നത് തുറന്നുപറയുന്ന സ്വഭാവമാണ്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പറയുന്നത് വിരോധമായി മനസ്സിൽ വയ്ക്കില്ല.

വിവാഹജീവിതം 55-ാം വർഷത്തിലേക്ക് അടുക്കുന്നു. ഇക്കാലമത്രയും ഞങ്ങളുടെ ചിന്തകളും മനസ്സും ഒരേപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സംഘടനാ വിഷയങ്ങളിലൊഴികെ അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായങ്ങൾ ചോദിക്കും. ആരെങ്കിലും സഹായമോ, സംഭാവനയോ തേടി വന്നാൽ എന്നോട് അഭിപ്രായം ആരായും. എന്റെ മറുപടി കേൾക്കുമ്പോൾ അദ്ദേഹം പറയാറുണ്ട്. ഇത് തന്നെയാണ് ഞാനും മനസ്സിൽ കരുതിയതെന്ന്. ഇന്നോളം വലിയ പിണക്കങ്ങൾ ഉണ്ടായിട്ടില്ല.

കുടുംബവുമായി ഉല്ലസിക്കേണ്ട കാലങ്ങളത്രയും അദ്ദേഹത്തിന് തിരക്കായിരുന്നു. യോഗത്തിൽ വന്നതോടെ തിരക്ക് കൂടി. കൊച്ചുമക്കളെ ആവോളം താലോലിക്കാൻ പറ്റിയിട്ടില്ല. എന്നാൽ, മിക്ക സമയത്തും എനിക്ക് അദ്ദേഹത്തിനൊപ്പം ഉണ്ടാവാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്. ആക്രമണം ഉണ്ടായശേഷം അദ്ദേഹത്തെ ഒറ്റയ്ക്ക് വിടരുതെന്ന് നിർബന്ധമുണ്ടായിരുന്നു. മക്കൾ ബോർഡിംഗിലുമായിരുന്നു. അതുകൊണ്ട് വീട്ടിൽ ഒറ്റയ്ക്കിരിക്കാതെ യാത്രകളിൽ ഞാനും കൂടി. ആ യാത്രകളാണ് സമൂഹത്തിൽ പിന്നാക്കക്കാർ അനുഭവിക്കുന്ന വിഷമതകൾ നേരിട്ടറിയാൻ സഹായിച്ചത്. അവശത അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുന്നതാണ് നടേശേട്ടന്റെ മനസ്സ്. അതുകൊണ്ട് തന്നെയാവും പിന്നാക്കാവസ്ഥയിൽ നിന്ന് ഈഴവരെ മുൻപന്തിയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് നിയോഗമുണ്ടായതും.

Advertisement
Advertisement