വൻ സ്വീകാര്യത നേടി പ്രവാസി ഭദ്രതാ പദ്ധതി

Sunday 05 December 2021 3:59 AM IST

കൊച്ചി: നാട്ടിൽ തിരിച്ചെത്തി ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് രണ്ടുകോടി രൂപവരെ വായ്‌പാസഹായം നൽകുന്ന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) പ്രവാസി ഭദ്രതാ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി അവതരിപ്പിച്ച് ഒരാഴ്‌ച പിന്നിട്ടപ്പോഴേക്കും നിരവധി അന്വേഷണങ്ങളുണ്ടായെന്നും മികച്ച അഞ്ച് അപേക്ഷകൾ ലഭിച്ചുവെന്നും കെ.എസ്.ഐ.ഡി.സി വ്യക്തമാക്കി.

നിരവധി പേർക്ക് തൊഴിലുറപ്പാക്കുന്ന മികച്ച സംരംഭക ആശയങ്ങൾക്കാണ് വായ്‌പ. നാലുദിവസത്തിനകം വായ്‌പ നേടാം. 25 ലക്ഷം മുതൽ രണ്ടുകോടി രൂപവരെ വായ്പ നേടാം. കൊവിഡ് പ്രതിസന്ധിമൂലം നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ തൊഴിലന്വേഷകരല്ല, തൊഴിൽദാതാക്കളാക്കുക ലക്ഷ്യമിടുന്നതാണ് പദ്ധതി.

പലിശനിരക്ക് 8.25 ശതമാനം മുതൽ

പ്രവാസി ഭദ്രതാ പദ്ധതിപ്രകാരമുള്ള വായ്‌പയ്ക്ക് 8.25 ശതമാനം മുതൽ 8.75 ശതമാനം വരെയാണ് പലിശനിരക്ക്. 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ സബ്സിഡി നോർക്ക റൂട്ട്‌സ് നൽകും.

പലിശനിരക്ക്: ആദ്യ നാലുവർഷത്തേക്ക് 5 ശതമാനം; നോർക്ക റൂട്ട്‌സിന്റെ പലിശ സബ്സിഡി കിഴിച്ചുള്ള നിരക്കാണിത്. തുടർന്ന് 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ.

കാലാവധി: വായ്‌പാത്തിരിച്ചടവ് കാലാവധി അഞ്ചരവർഷം. മുതൽതിരിച്ചടവിന് ആറുമാസം വരെ മൊറട്ടോറിയം; ഇക്കാലയളവിലും പലിശയടയ്ക്കണം.

യോഗ്യത: രണ്ടുവർഷത്തെ വിദേശ തൊഴിൽപരിചയം. പ്രമോട്ടർമാർക്ക് 650നുമേൽ സിബിൽ സ്‌കോർ വേണം.

വായ്‌പ നൽകുന്നത്: മൂലധന വായ്‌പയല്ല. കെട്ടിടനിർമ്മാണം, യന്ത്രസാമഗ്രികൾ വാങ്ങാൻ എന്നിങ്ങനെ ആവശ്യങ്ങൾക്കാണ് വായ്‌പ. വ്യാപാരം, റിയൽ എസ്റ്റേറ്റ്, കൃഷി, കന്നുകാലി വളർത്തൽ എന്നിവയ്ക്ക് വായ്പ കിട്ടില്ല.

 ആനുകൂല്യം: വായ്പയുടെ പ്രൊസസിംഗ് ചാർജായ ഒരുലക്ഷം രൂപയും ജി.എസ്.ടിയും ഒഴിവാക്കും. 0.75 ശതമാനം മുൻകൂർ ഫീസിൽ 0.25 ശതമാനം അടച്ചാൽമതി.

 www.ksidc.orgൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് വായ്‌പയ്ക്കായി ഡിസംബർ 31നകം അപേക്ഷിക്കണം.