ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി, അഴിമതിക്കാരനാക്കാൻ നീക്കം; ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്
പാലക്കാട്: ശിശുമരണങ്ങൾ തുടരുന്ന അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ സന്ദർശനത്തിന് മുൻപ് തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ആരോപണവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ബോധപൂർവം മാറ്റിനിർത്തി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിനുപിന്നിലെന്ന് പ്രഭുദാസ് ആരോപിച്ചു.
തനിക്ക് പറയാനുളളത് കേൾക്കാതെ അഴിമതിക്കാരനായി മുദ്രകുത്തി മാറ്റിനിർത്താനാണ് നീക്കം. തന്നെ മാറ്രിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിന് സന്തോഷമേയുളളുവെന്ന് പ്രഭുദാസ് അറിയിച്ചു. ഇത്രയും കാലം ഇത്തരം അവഗണനകളും മാറ്റിനിർത്തലും നേരിട്ടിട്ടാണ് താൻ വന്നതെന്നും കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട് ഇത് താൻ തന്നെ പറയേണ്ടതാണെന്നും എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും അതുകൊണ്ട് ഭയമില്ലെന്നും പ്രഭുദാസ് പറഞ്ഞു.
അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയതിന് പിന്നാലെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ ആശുപത്രിയും സന്ദർശിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളിൽ 191 പേർ ഹൈറിസ്‌ക് കാറ്റഗറിയിലാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി അട്ടപ്പാടിയിൽ എത്തിയത്.