മുല്ലപ്പെരിയാറിൽ ഒമ്പതു ഷട്ടറുകൾ തുറന്നു,​ 7793.75 ഘനയടി വെള്ളം പുറത്തേയ്ക്ക്,​ ജാഗ്രതാ നിർദ്ദേശം

Sunday 05 December 2021 7:54 PM IST

ഇടുക്കി : ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇതോടെ ഒൻപത് ഷട്ടറുകളാണ് നിലവിൽ തുറന്നിട്ടുള്ളത്.

.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വൈകിട്ടോടെയാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്നത്. തുടക്കത്തില്‍ ഒരു ഷട്ടറാണ് തുറന്നിരുന്നത്. പിന്നീട് ഒരു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. എന്നിട്ടും ജലനിരപ്പ് കുറയാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. വൈകിട്ട് ആറുമണിയോടെ നാലുഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 7793.75 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.