ഐ.പി.ഒക്കുതിപ്പ് തുടരുന്നു; ഈമാസം 8 കമ്പനികൾ കൂടി

Monday 06 December 2021 3:18 AM IST

 കേരളത്തിലെ ഇസാഫ് ബാങ്ക്, പോപ്പുലർ വെഹിക്കിൾസ് എന്നിവയുടെ ഐ.പി.ഒയും ഉടൻ പ്രതീക്ഷിക്കാം

കൊച്ചി: രാജ്യത്ത് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഈമാസം കാത്തിരിക്കുന്നത് എട്ടിലേറെ കമ്പനികൾ. ഈവർഷം നവംബർ വരെ മാത്രം 53 കമ്പനികൾ ഐ.പി.ഒ നടത്തി; അവർ സംയുക്തമായി എക്കാലത്തെയും ഉയരമായ 1.14 ലക്ഷം കോടി രൂപയും സമാഹരിച്ചു. 2017ൽ 40ൽ താഴെ കമ്പനികൾ ചേർന്ന് നേടിയ 74,035 കോടി രൂപയാണ് പഴങ്കഥയായത്.

പ്രമുഖ ഡിജിറ്റൽ പണമിടപാട് ആപ്പായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് നവംബറിൽ 18,300 കോടി രൂപ സമാഹരിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഐ.പി.ഒയെന്ന പട്ടം ചൂടിയിരുന്നു. സൊമാറ്റോ, നൈക, പവർഗ്രിഡ് ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയുടെ ഐ.പി.ഒയും ശ്രദ്ധേയമായി.

നിക്ഷേപപ്പെരുമഴയ്ക്കായി

ഡിസംബറും ജനുവരിയും

ഈമാസവും അടുത്തമാസവുമായി ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന പ്രമുഖ കമ്പനികളും പ്രതീക്ഷിക്കുന്ന സമാഹരണവും:

 ഇസാഫ് ബാങ്ക് : ₹998 കോടി

 പോപ്പുലർ വെഹിക്കിൾസ് : ₹150 കോടി*

 ഗോ എയർലൈൻസ് : ₹3,600 കോടി

 മെട്രോ ബ്രാൻഡ് : ₹250 കോടി*

 ഫിൻകെയർ ബാങ്ക് : ₹1,330 കോടി

 ശ്രീറാം പ്രോപ്പർട്ടീസ് : ₹800 കോടി

(*ഓഫർ ഫോർ സെയിൽ പുറമേ)