എഫ്.ഡി.ഐ: ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് നഷ്‌ടം 54 ശതമാനം

Monday 06 December 2021 3:27 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 54 ശതമാനം ഇടിഞ്ഞു. 2,934.12 കോടി രൂപയാണ് കഴിഞ്ഞവർഷം ലഭിച്ചതെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ പാർലമെന്റിൽ പറഞ്ഞു.

2018-19ൽ 4,430.44 കോടി രൂപയും 2019-20ൽ 6,414.67 കോടി രൂപയും ലഭിച്ചിരുന്നു. ഡോളർ നിരക്കിൽ 39.34 കോടി ഡോളറാണ് 2020-21ൽ ലഭിച്ചത്. 90.47 കോടി ഡോളറായിരുന്നു 2019-20ൽ; 2018-19ൽ 62.82 കോടി ഡോളറും. 2017-18ൽ 90.49 കോടി ഡോളറും 2016-17ൽ 72.72 കോടി ഡോളറും ലഭിച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് 100 ശതമാനം എഫ്.ഡി.ഐ ഇന്ത്യ അനുവദിച്ചുണ്ട്.

ഇന്ത്യയിലേക്കുള്ള മൊത്തം എഫ്.ഡി.ഐയിൽ വെറും 1.5 ശതമാനം മാത്രമാണ് ഭക്ഷ്യസംസ്‌കരണ മേഖലയുടെ പങ്കെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കാനായി 2016-17 മുതൽ പ്രധാനമന്ത്രി കിസാൻ സമ്പാദ യോജന (പി.എം.കെ.എസ്.ഐ) കേന്ദ്രം നടപ്പാക്കുന്നുണ്ട്.

ഒരു ജില്ല, ഒരു ഉത്പന്നം

ഇന്ത്യൻ ഉത്പന്നങ്ങളെ ആഗോള വിപണിയിലെത്തിക്കുക ലക്ഷ്യമിട്ട് കേന്ദ്രം നടപ്പാക്കുന്ന പി.എം. ഫോർമലൈസേഷൻ ഒഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് സ്‌കീം (പി.എം-എഫ്.എം.ഇ) പ്രകാരം രണ്ടുലക്ഷം മൈക്രോ ഫുഡ് പ്രോസസിംഗ് (സൂക്ഷ്‌മ ഭക്ഷ്യസംസ്‌കരണ) യൂണിറ്റുകളെ സബ്സിഡിയടക്കം പിന്തുണ നൽകി ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനകം 35 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി ഈയിനത്തിൽ 137 'യുണീക്ക്" ഉത്‌പന്നങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്.

Advertisement
Advertisement