കണ്ടും അറിഞ്ഞും കടക്കണം കമ്മാണ്ടിക്കടവ് പാലം

Monday 06 December 2021 12:02 AM IST
കമ്മാണ്ടിക്കടവ് പാലം

കുന്ദമംഗലം: ജീവൻ കൈയിൽപിടിച്ചു വേണം കമ്മാണ്ടിക്കടവ് പാലം കടക്കാൻ !. കണ്ണൊന്ന് പാളിയാൽ പുഴയിലെത്തും. ചെറുപുഴക്ക് കുറുകെ കുന്ദമംഗലം,ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ വെന്റ് പൈപ്പ് പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ചെറുവാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ ഏത് സമയവും അപകടങ്ങൾ ഉണ്ടാവാം. വീതി നന്നേ കുറഞ്ഞ പാലത്തിലൂടെ കാൽനടയാത്രയും സുരക്ഷിതമല്ല.

2019 ലെ പ്രളയത്തിലാണ് പാലത്തിന്റെ കൈവരികൾ പൂർണമായി തകർന്നത്. 2020ലുണ്ടായ വെള്ളപ്പൊക്കത്തിൽ കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിൽ കുരുങ്ങിയതോടെ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മരത്തടികൾ വെന്റ് പൈപ്പിൽ തങ്ങിനിൽക്കുകയാണ് ചെയ്യുക. മാത്രമല്ല പാലത്തിന്റെ അടിയിലെ ദ്വാരങ്ങളിൽ മണ്ണും മാലിന്യങ്ങളും അടിയുന്നതോടെ ഒഴുക്ക് പൂർണമായും നിലയ്ക്കും. ഇതോടെ പരിസരത്താകെ വെള്ളം കയറുന്ന സ്ഥിതിയാണ്. പൊയ്യ, കളരിക്കണ്ടി, വാഴപ്പറമ്പ്, പിലാശ്ശേരി ഭാഗങ്ങളിലുള്ളവർക്ക് ചാത്തമംഗലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണ് കമ്മാണ്ടിക്കടവ് പാലം. ചെറിയൊരു വാഹനത്തിന് മാത്രം കടന്നുപോകാൻ സൗകര്യമുളള പാലത്തിൽ എതിർദിശയിൽ നിന്ന് വാഹനം വന്നാൽ ഏറെനേരം വേണം കുരുക്ക് നിവരാൻ. കൂടാതെ കാൽനടയാത്രയും പ്രയാസമാവും. തകർന്ന കൈവരികൾ പുനർ നിർമ്മിക്കണമെന്ന ആവശ്യത്തിന് പുല്ലുവിലയാണ് അധികൃതർ നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാലം പുതുക്കിപണിയുന്നതിന് പകരം ചാത്തമംഗലത്തെ പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന വീതികൂടിയ പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പതിനെട്ട് വർഷം മുമ്പ് ടി.കെ.ഹംസ എം.പി ആയിരുന്നപ്പോഴാണ് പാലം നിർമ്മിച്ചത്. പ്രളയത്തിൽ പുഴ ദിശമാറി ഒഴുകി പാലത്തിന്റെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകൾ ഒലിച്ചുപോയിരുന്നു. പിന്നീട് പി.ടി.എ റഹീം എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് അപ്രോച്ച് റോഡും അനുബന്ധ പ്രവൃത്തിയും നടത്തിയത്.

വീതി കുറവായതിനാൽ ബ്ലോക്ക് പഞ്ചായത്തിന് കൈവരി നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ പരിമിതികളുണ്ട്. അതിനാൽ ബന്ധപ്പെട്ടവർ അടിയന്തരമായി നവീകരണ പ്രവൃത്തി നടത്തണം.

ബാബു നെല്ലുളി,​ കുന്ദമംഗലം ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് .

 കമ്മാണ്ടിക്കടവ് പാലത്തിന്റെ കൈവരി നിർമ്മാണത്തിന് 3 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ എത്രയും വേഗം പ്രവൃത്തി ആരംഭിക്കും. എം.ധനീഷ് ലാൽ, ജില്ലാപ‌ഞ്ചായത്ത് അംഗം

 കൈവരി പുനർനിർമ്മാണത്തിന് 4 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉ‌ടൻ പ്രവൃത്തി ആരംഭിക്കും. ധർമ്മരത്നൻ മണ്ണത്തൂർ, കുന്ദമംഗലം പ‌ഞ്ചായത്ത് വാർഡ് മെമ്പർ

 വീതികൂടിയ പാലമാണ് ഇവിടെ ആവശ്യം. മുക്കം, അരീക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി, വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കുന്ദമംഗലത്തെയും താമരശ്ശേരിയിലേയും ഗതാഗതകുരുക്കിൽപ്പെടാതെ കമ്മാണ്ടിക്കടവ് പാലം വഴി പടനിലത്തെത്തി നന്മണ്ടയിലൂടെ കൊയിലാണ്ടിയിലെത്താം. ബൈജു തീക്കുന്നുമ്മൽ, പൊതുപ്രവർത്തകൻ

Advertisement
Advertisement