ജയമെത്തും ദൂരത്ത് ഇന്ത്യ

Sunday 05 December 2021 10:47 PM IST

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിജയം അഞ്ചുവിക്കറ്റ് അകലെ

രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 267/7ൽ ഡിക്ളയർ ചെയ്തു

540 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 140/5

മുംബയ് : ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ വിജയത്തിനരികെ ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ കിവീസിന് 540 റൺസിന്റെ ഭീമൻ ലക്ഷ്യം നൽകിയ ഇന്ത്യ മൂന്നാം ദിവസം കളിനിറുത്തുമ്പോൾ അവരെ 140/5 എന്ന നിലയിലാക്കിയിരിക്കുകയാണ്. രണ്ട് ദിവസം മുന്നിലുണ്ടെങ്കിലും ഇനിയും വേണ്ട 400 റൺസിനിടയിൽഅഞ്ചുവിക്കറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നത് കിവീസിനെ തളർത്തുന്നു.

അജാസ് പട്ടേൽ പത്തുവിക്കറ്റും നേടിയിരുന്ന ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 325 റൺസിനാണ് ആൾഒൗട്ടായത്.കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് രണ്ടാം ദിവസം തന്നെ 62 റൺസിൽ അവസാനിപ്പിച്ചെങ്കിലും ഇന്ത്യ ഫോളോഓണിനയക്കാതെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു. 69/0 എന്ന സ്കോറിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനിറങ്ങിയ ഇന്ത്യ267/7ൽ ഡിക്ളയർ ചെയ്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോഴേക്കും പകുതി വിക്കറ്റുകൾ കൈമോശം വന്നു.

ഇന്നലെ രാവിലെ അതിവേഗതയിൽ റൺസ് നേടിയ മുൻനിര ബാറ്റ്സ്മാന്മാരാണ് ഇന്ത്യയെ മികച്ച ലീഡിൽ ഡിക്ളയർ ചെയ്യാൻ പ്രാപ്തരാക്കിയത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന മായാങ്ക് അഗർവാൾ രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും (62) സ്വന്തമാക്കി.ചേതേശ്വർ പുജാരയും ശുഭ്മാൻ ഗില്ലും 47 റൺസ് വീതം നേടി. വിരാട് കൊഹ്‌ലി 36 റൺസടിച്ചു.അക്ഷർ പട്ടേൽ 41 റൺസുമായി ബാറ്റ് ചെയ്യുമ്പോഴാണ് ഡിക്ളയർ ചെയ്തത്.

വമ്പൻ ലക്ഷ്യം നേടാനിറങ്ങിയ കിവീസിന് പ്രതീക്ഷിച്ചപോലെ തുടക്കത്തിലേ അടിയേറ്റു. നാലാം ഓവറിലെ അവസാനപന്തിൽ അശ്വിൻ ടോം ലതാമിനെ (6)എൽ.ബിയിൽ കുരുക്കുകയായിരുന്നു.തുടർന്ന് വിൽ യംഗും (20) ഡാരിൽ മിച്ചലും (60) ചേർന്ന് പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും 15-ാം ഓവറിൽ യംഗിനെ സൂര്യകുമാറിന്റെ കയ്യിലെത്തിച്ച് അശ്വിൻ വീണ്ടുമെത്തി. തന്റെ അടുത്ത ഓവറിൽ റോസ് ടെയ്ലറെയും (6) പുറത്താക്കി അശ്വിൻ സന്ദർശകരെ 55/3 എന്ന നിലയിലാക്കി.

തുടർന്ന് അർദ്ധസെഞ്ച്വറി കടന്ന മിച്ചലിനെ മടക്കി അയച്ചത് അക്ഷർ പട്ടേലാണ്. തൊട്ടുപിന്നാലെ ഫീൽഡർക്ക് നേരേ പന്തടിച്ചിട്ട ശേഷം റൺസിനായിറങ്ങിയ ബ്ളൻഡേലിന്റെ ബ്ളണ്ടറിന് റൺഒൗട്ടിലൂടെ ഇന്ത്യ മറുപടി നൽകി. കളി നിറുത്തുമ്പോൾ 36 റൺസുമായി ഹെൻട്രി നിക്കോൾസും രണ്ട് റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ. 27റൺസ് നൽകിയാണ് അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

Advertisement
Advertisement