ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം

Sunday 05 December 2021 10:48 PM IST

ഒഡിഷ എഫ്.സിയെ 2-1ന് തോൽപ്പിച്ചു

മഡ്ഗാവ് : ഐ.എസ്.എൽ പുതിയ സീസണിലെ ആദ്യ വിജയം നേടി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിട്ടിൽ അൽവാരോ വസ്ക്വേസും 85-ാംമിനിട്ടിൽ മലയാളി താരം കെ.പ്രശാന്തുമാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി ഒഡിഷയുടെ വലകുലുക്കിയത്. ഇൻജുറി ടൈമിൽ നിഖിൽ രാജാണ് ഒഡിഷയു‌ടെ ആശ്വാസഗോൾ നേടിയത്.

അഡ്രിയാൻ ലൂണ നൽകിയ പാസിൽ നിന്ന് തകർപ്പനൊരു വലങ്കാലൻ ഷോട്ടിലൂടെയാണ് വസ്ക്വേസ് ആദ്യ ഗോൾ നേടിയത്. പ്രശാന്തിന്റെ ഗോളിന് പിന്നിൽ പ്രവർത്തിച്ചതും ലൂണയാണ്.

സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ നാലാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ കളിയിൽ എ.ടി.കെയോട് തോറ്റ ബ്ളാസ്റ്റേഴ്സ് തുടർന്ന് രണ്ട് സമനിലകൾ വഴങ്ങുകയായിരുന്നു. അഞ്ചുപോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ബ്ളാസ്റ്റേഴ്സ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയിരുന്ന ഒഡിഷയുടെ ആദ്യ തോൽവിയാണിത്.

Advertisement
Advertisement