ഹെലികോപ്ടർ അപകടം പൈലറ്റിന്റെ വീഴ്ച കാരണം :ഡി.ജി.സി.എ

Monday 06 December 2021 12:58 AM IST

 അന്വേഷണ വിവരം വെളിപ്പെടുത്തി യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും മൂന്ന് സെക്രട്ടറിമാരും സഞ്ചരിച്ച അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് പൈലറ്റിന്റെ വീഴ്ച മൂലമാണെന്ന് ഡി.ജി.സി.എയുടെ (ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ) പ്രാഥമിക നിഗമനം. ഏഴ് മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ, യൂസഫലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകടം നടന്ന ദിവസം കാലാവസ്ഥയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതിൽ പൈലറ്റിന് വീഴ്ച പറ്റി. സാങ്കേതിക തകരാറല്ല കാരണം. അനുഭവ സമ്പന്നരായ പൈലറ്റുമാർ തന്റെ സുഹൃത്തുക്കളാണ്. എന്നാൽ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിച്ചില്ല - യൂസഫലി പറഞ്ഞു.

ഏപ്രിൽ 11ന് രാവിലെ ഒമ്പതിനാണ് പനങ്ങാട്ടെ ചതുപ്പിൽ ഹെലികോപ്ടർ ഇടിച്ചിറക്കിയത്. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. ലാൻഡിംഗിന് മിനിട്ടുകൾ മാത്രം ശേഷിക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തെ തുട‌ർന്ന് പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന ചതുപ്പിൽ ഇറക്കിയത്. റോഡിനോടു ചേർന്ന് മതിൽ കെട്ടിത്തിരിച്ച ചതുപ്പിൽ, വൃക്ഷങ്ങളിലോ മതിലുകളിലോ ഹൈടെൻഷൻ ലൈനുകളിലോ തട്ടാതെയാണ് കോപ്ടർ ഇറക്കിയത്. റിട്ട. എയർഫോഴ്‌സ് വിംഗ് കമാൻഡർ കെ.ബി. ശിവകുമാറായിരുന്നു മുഖ്യ പൈലറ്റ്. ചതുപ്പിൽ താഴ്ന്ന കോപ്ടർ പിന്നീട് ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഉയർത്തി നെടുമ്പാശേരിയിലേക്ക് മാറ്റി. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യൂസഫലി നാല് മാസം വിശ്രമത്തിലായിരുന്നു.