കേരളകൗമുദി വാർത്ത തുണച്ചു; 'കൈവല്യ"യ്‌ക്ക് മൂന്ന് കോടി

Sunday 05 December 2021 11:03 PM IST

തിരുവനന്തപുരം: 'കൈവല്യ" പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്‌പയ്‌ക്ക് മൂന്ന് കോടി രൂപ അനുവദിച്ചു. ഫണ്ടിന്റെ അപര്യാപ്‌തത മൂലം വായ്‌പ നൽകുന്നതിൽ തടസം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ അടിയന്തര നടപടിയുണ്ടായത്. അനുവദിച്ച മൂന്ന് കോടി രൂപ വികലാംഗ ക്ഷേമ കോർപറേഷന് കൈമാറും.

ഫണ്ടനുവദിച്ചതോടെ വിവിധ ജില്ലകളിലെ അഞ്ഞൂറോളം പേർക്ക് വായ്‌പ ലഭിക്കും. വികലാംഗ ക്ഷേമ കോർപ്പറേഷനുമായി സഹകരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയാണ് ഗുണഭോക്താക്കൾക്ക് വായ്‌പ നൽകുന്നത്. ശേഷിക്കുന്നവർക്ക് വായ്പ നൽകാൻ കൂടുതൽ തുക എംപ്ലോയ്‌മെന്റ് എക്സേഞ്ച് വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് ആവിഷ്‌കരിച്ച 'കൈവല്യ" പദ്ധതിയിൽ ഇതുവരെ 6954 അപേക്ഷകർക്ക് വായ്‌പ നൽകിയിട്ടുണ്ട്.