കേരളത്തിന് നിതി ആയോഗിന്റെ അഭിനന്ദനം

Sunday 05 December 2021 11:08 PM IST

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാമേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തിന് നിതി ആയോഗിന്റെ അഭിനന്ദനം.
വിവിധ മേഖലകളിലെ അനുഭവങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തി ലാണ് നിതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കേരളത്തിന്റെ നേട്ടത്തെ പ്രകീർത്തിച്ചത്.

സാമൂഹ്യ-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയ്യാറാക്കണമെന്നും

സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവ നിയന്ത്രിക്കാൻ സവിശേഷമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും ഡോ. വി.കെ. പോൾ അഭിപ്രായപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസിന് അനുമതി ലഭ്യമാക്കാൻ നിതി ആയോഗ് പിന്തുണയ്ക്കണം. പ്രവാസികൾക്കുള്ള പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കൽ, കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ഫ്‌ളൈറ്റ്, വിവിധ റെയിൽ പദ്ധതികൾക്കുള്ള അനുമതികൾ എന്നിവയിൽ അനുകൂല സമീപനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Advertisement
Advertisement