പ​ദ്ധ​തി​യു​മാ​യി​ ​പ​ല്ലാ​വൂ​ർ​ ​ഗ​വ.​ ​എ​ൽ.​പി​ ​സ്‌​കൂൾ കു​രു​ന്നു​ക​ൾ​ക്കായി '​ക​ണ്ണോ​ര​"ത്ത് ഞങ്ങളുണ്ട്

Monday 06 December 2021 12:13 AM IST

കൊല്ലങ്കോട്: കൊവിഡിനു ശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും പ്രീ സ്‌കൂളിലെ കുട്ടികൾ ഇപ്പോഴും വീട്ടിൽ തന്നെയാണ്. സ്‌കൂളിൽ പോകാൻ വാശിപിടിച്ചു കരയുന്ന കുരുന്നുകൾക്കായി പല്ലാവൂർ ഗവ. എൽ.പി സ്‌കൂൾ കണ്ണോരം പദ്ധതിയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ 20 മാസമായി പ്രീ സ്‌കൂൾ പഠന പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചു വരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യങ്ങളിൽ അദ്ധ്യാപകർ ഗൃഹസന്ദർശനങ്ങളും കൂടിയിരുപ്പുകളും നടത്തിയിരുന്നു.

വീടുകളിലെ മുതിർന്ന കുട്ടികൾ വിദ്യാലയത്തിലേക്ക് പോകുമ്പോൾ കുഞ്ഞുമനസുകളിൽ സങ്കടവും നിരാശയും ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ കണ്ണോരത്ത് ഇരുന്ന് പാവനാടകം, കഥ പറച്ചിൽ, ആടാം പാടാം കളിക്കാം, കടലാസിലെ വിസ്മയം, കുത്തിവര, കളിയിലെ കാര്യം, കുട്ടി പരീക്ഷണം, ക്ലേ രൂപ നിർമ്മിതി, അമ്മക്കറിയാമോ കുട്ടികടങ്കഥ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൂടാതെ ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ സാധ്യതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിലൂടെ ആശയപ്രകടനത്തിനും ആശയഗ്രഹണത്തിനും മികച്ച അവസരമാണ് ഒരുക്കുന്നത്.

ആഴ്ചയിൽ ഒരു ക്ലാസ്
പദ്ധതിയുടെ ഭാഗമായി കുട്ടികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ഒരു പ്രദേശത്ത് ആഴ്ചയിൽ ഒരു ക്ലാസ് എന്ന രീതിയിലാണ് നടക്കുന്നത്. വിദ്യാലയത്തിൽ എത്താത്തതിന്റെ വിടവ് നികത്താൻ കണ്ണോരം പരിപാടിയിലൂടെ കഴിയുമെന്നാണ് അദ്ധ്യാപികമാരും രക്ഷിതാക്കളും പറയുന്നത്. 2019ൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം (എസ്.സി.ഇ.ആർ.ടി) ആസൂത്രണം ചെയ്ത പൈലറ്റ് പദ്ധതിയായ പല്ലവം മികച്ച രീതിയിൽ നടപ്പിലാക്കിയ വിദ്യാലയമാണ് പല്ലാവൂർ. മികച്ച രക്ഷാകർത്തൃ ശാക്തികരണത്തിന്റെ മാതൃകകൾ പരിഗണിച്ച് സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള ഒന്നാംസ്ഥാനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണോരം പദ്ധതിയുടെ ശില്പിയായ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും എസ്.എം.സി ചെയർമാനുമായ എ.ഹാറൂൺ, പ്രധാനദ്ധ്യാപിക ടി.ഇ.ഷൈമ, പി.ടി.എ പ്രസിഡന്റ് എസ്.ജയ, കൺവീനർ ടി.വി.പ്രമീള അദ്ധ്യാപികമാരായ പി.വി.രേഷ്മ, എൻ.സംഗീത എന്നിവരാണ് കണ്ണോരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisement
Advertisement