പൊലീസിന് ഹെലികോപ്‌ടർ: യോഗം ഇന്ന് തുടങ്ങും
തിരുവനന്തപുരം: പൊലീസിന് ഹെലികോപ്‌ടർ വാടകയ്‌ക്ക് നൽകാൻ തയാറായ മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കമ്പനിയെ തിരഞ്ഞെടുക്കാനുള്ള വിദഗ്ദ്ധ സമിതി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.
ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നേതൃത്വം നൽകുന്ന സമിതിയിൽ വ്യോമസേന പ്രതിനിധികളും വകുപ്പ് മേധാവികളുമാണ് പങ്കെടുക്കുന്നത്. കമ്പനികൾ മുന്നോട്ട് വച്ച വാടകത്തുക സമിതി പരിശോധിക്കും.കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നാണ് ഹെലികോപ്‌ടർ വാടകയ്‌ക്കെടുത്തത്. പ്രതിമാസം 1.60 കോടി രൂപയായിരുന്നു വാടക. ഇത്തവണ സ്വകാര്യ കമ്പനികളായതിനാൽ വാടക ഒരു കോടിയിൽ താഴെയാവുമെന്നാണ് കണക്കുകൂട്ടൽ.
മുംബയും ഡൽഹിയും ആസ്ഥാനമായ മൂന്ന് കമ്പനികളാണ് ഇ-ടെൻഡറിൽ പങ്കെടുത്തത്. രാജ്യത്താകെ ഹെലികോപ്‌ടർ വാടകയ്‌ക്ക് നൽകുന്ന പത്തിലേറെ കമ്പനികളുണ്ടങ്കിലും പൊലീസ് മുന്നോട്ടുവച്ച ഉപാധികൾ കാരണം പലരും താത്പര്യം കാട്ടിയില്ലെന്നാണ് വിവരം. 10 പേർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന ഇരട്ട എൻജിൻ ഹെലികോപ്‌ടറുകളാണ് സ്വകാര്യ കമ്പനികളുടെ വാഗ്ദാനം .