വി. മുരളീധരൻ പാലാ ബിഷപ്പിനെ സന്ദർശിച്ചു

Monday 06 December 2021 12:00 AM IST

പാലാ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. സൗഹൃദസന്ദർശനം മാത്രമായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി.

ചില സമുദായങ്ങൾക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് സി.പി.എം കരുതുന്നതെന്ന് സന്ദർശനത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ മുരളീധരൻ പറഞ്ഞു. നർക്കോട്ടിക് ജിഹാദിനെതിരെ പാലാ ബിഷപ് പ്രതികരിച്ചപ്പോൾ എല്ലാവരുംകൂടി അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഇവരൊക്കെ ഇപ്പോൾ എന്തുപറയുന്നു.

തിരുവല്ല കൊലപാതകക്കേസിൽ ആദ്യം പൊലീസ് സത്യം പറഞ്ഞു. എന്നാൽ സി.പി.എം റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചു. പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധം. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. ലിജിൻലാലും കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു.