ചെങ്ങന്നൂരിൽ രജതജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം, വെള്ളാപ്പള്ളി യോഗത്തെ നയിച്ച ചരിത്ര പുരുഷൻ : കൊടിക്കുന്നിൽ സുരേഷ്
ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗമെന്ന മഹാപ്രസ്ഥാനത്തെ ചടുലമായി നയിക്കാൻ ഭാഗ്യം ലഭിച്ച ചരിത്ര പുരുഷനാണ് വെള്ളാപ്പള്ളി നടേശനെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ചെങ്ങന്നൂർ യൂണിയൻ തല പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമുദായ പുരോഗതിക്കെയി ദീർഘവീക്ഷണത്തോടെ പരിപാടികളും പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കി. സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചു. വെള്ളാപ്പള്ളി നേതാവ് മാത്രമല്ല സമുദായത്തെയും സമൂഹത്തേയും പുരോഗതിയിലേക്ക് നയിച്ച ജേതാവുകൂടിയാണ്. ഗുരുദേവ ദർശനങ്ങൾ വിപുലവും വ്യാപകവുമായി പ്രചരിപ്പിക്കേണ്ട ഈ കാലഘട്ടത്തിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വത്തിൽ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, എം.പി.സുരേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, ട്രഷറർ സുഷമാ രാജേന്ദ്രൻ, കോഓഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി, ധർമ്മസേനാ യൂണിയൻ കോഓഡിനേറ്റർ വിജിൻ രാജ്, വൈദിക സമിതി യൂണിയൻ ചെയർമാൻ സൈജു പി. സോമൻ, കൺവീനർ ജയദേവൻ എന്നിവർ സംസാരിച്ചു.
യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ സ്വാഗതവും ബി. ജയപ്രകാശ് തൊട്ടാവാടി കൃതജ്ഞതയും പറഞ്ഞു.