സമരചരിത്രത്തിൽ പുത്തനദ്ധ്യായം

Monday 06 December 2021 12:14 AM IST

കോലഞ്ചേരി: ഒരു റോഡിനുവേണ്ടി നാടൊന്നിച്ചപ്പോൾ സമരചരിത്രത്തിലെ പുതിയ ഒരേട് കൂടി തുറന്നു. കിഴക്കമ്പലം മുതൽ നെല്ലാട് വരെ പതിനാല് കിലോമീറ്റർ അണമുറിയാതെ തീർത്ത പ്രതിഷേധ തീജ്വാല അധികാരിവർഗത്തിന് താക്കീതായി. രാഷ്ട്രീയത്തിന് അതീതമായി ജനം ഒരു കുടക്കീഴിൽ അണിനിരന്നതോടെ നെല്ലാട് റോഡ് ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മ രചിച്ചത് സമരചരിത്രങ്ങളുടെ പുത്തനദ്ധ്യായമാണ്. പത്ത് വർഷമായി നരകയാതന അനുഭവിക്കുന്ന നാട്ടുകാർ നെല്ലാട് കിഴക്കമ്പലം റോഡ് ബി.എം, ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ജ്വാലയുടെ ആദ്യ തീനാളം ചലച്ചിത്ര നിർമ്മാതാവ് ഡോ. പോൾ വർഗീസ് മേച്ചങ്കര, ഗ്രൂപ്പ് അഡ്മിൻ ബിജു മഠത്തിപറമ്പിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിമറ്റം യൂണിറ്റ് പ്രസിഡന്റ് വി.വി. ഗോപാലൻ, ജനറൽ സെക്രട്ടറി ടി.പി. അസൈനാർ എന്നിവർ ചേർന്ന് പട്ടിമറ്റം ടൗണിലെ വിളക്കിലേക്ക് പകർന്ന് ഉദ്ഘാടനം ചെയ്തു. റോഡിനിരുവശവും തീജ്വാലയുമായി പതിനായിരങ്ങളാണ് അണിനിരന്നത്. മൺചിരാതും നിലവിളക്കും മെഴുകുതിരിയും തീപന്തവുമടക്കം ഒരു ചങ്ങലയായി റോഡിന് ഒരു വശത്ത് നിരന്നു. റോഡ് കടന്നു പോകുന്ന മുഴുവൻ മേഖലകളിലും വൈകിട്ട് 7 മുതൽ 7.10 വരെ വൈദ്യുത ദീപങ്ങൾ അണച്ച് നാട്ടുകാർ പ്രതിഷേധത്തിൽ പങ്കാളികളായി.

നേതാക്കളില്ലാ സമരം

നിരവധി രാഷ്ട്രീയ പ്രഹസന സമരങ്ങളിൽ പങ്കെടുത്ത് മടുത്ത നാട്ടുകാരാണ് രണ്ടാഴ്ച മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഒന്നിച്ചത്. ഒരു ഗ്രൂപ്പിൽ തുടങ്ങിയ കൂട്ടായ്മ പത്ത് ഗ്രൂപ്പുകളായാണ് രണ്ട് ദിവസം കൊണ്ടാണ് വളർന്നത്. നേതൃത്വം സ്വയം ഏറ്റെടുത്ത് ജനങ്ങൾ നേതാക്കളായ അപൂർവ സമരങ്ങളിൽ ഒന്നായി ഇതും മാറി. സമരത്തിന്റെ ആദ്യഘട്ടമായി തയ്യാറാക്കിയ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് അടുത്തദിവസം സമർപ്പിക്കും. കൂട്ടായ്മ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി 14 ന് കോടതി പരിഗണിക്കുന്നുണ്ട്. രണ്ടാം ഘട്ടമായ പ്രതിഷേധജ്വാല പൂർത്തിയായതോടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ അംഗങ്ങൾ ഒത്തുചേർന്ന് സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കും. തങ്ങളുന്നയിച്ച ബി.എം, ബി.സി റോഡെന്ന ലക്ഷ്യം കാണും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സമരത്തിന് അരുൺ വാസു, ജമാൽ മണ്ണംകുഴി, മനോജ് മഞ്ചനാട്, ജമാൽ കൈതവളപ്പിൽ, എൻ.എം. റഷീദ്, ബേസിൽ തങ്കച്ചൻ, പി.പി. മൈതീൻ, പോൾ സെബാസ്റ്റ്യൻ, സോജി ഞാറള്ളൂർ, അലിക്കുഞ്ഞ്, നൗഷാദ് ചെങ്ങര, ടി.എ. റംഷാദ്,നസീർ തണ്ടക്കാല, വിജയൻ, കബീർ തൈലാൻ തുടങ്ങിയവർ നേതൃത്വം നൽകി.

മണ്ണൂർ-പോഞ്ഞാശേരി റോഡിനായും പ്രക്ഷോഭം

കോലഞ്ചേരി: റോഡില്ല, മണ്ണൂർ-പോഞ്ഞാശേരി റോഡ് നിവാസികളും പ്രക്ഷോഭത്തിലേക്ക്. ഇതിനായി മണ്ണൂർ-പോഞ്ഞാശേരി റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു. റോഡ് നിർമ്മാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. പ്രതിഷേധ സമരങ്ങൾ ആരംഭിക്കുന്നതിനൊപ്പം കരാറുകാർക്കും സർക്കാർ വകുപ്പ് മേധാവികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. കെ.കെ. ജയേഷ് (രക്ഷാധികാരി), ജോബ് ഇലവുംപറമ്പിൽ (കൺവീനർ), ബോസ് കുന്നത്തോളിൽ (സെക്രട്ടറി), ബെന്നി വളാംകോട്ടിൽ (ട്രഷറർ), ബേബി നിരവത്ത് (വർക്കിംഗ് സെക്രട്ടറി), ജോസ് തോമസ് (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement
Advertisement