കുരുമുളക് കുതിക്കുന്നു, പിന്നാലെ മല്ലിയും!

Monday 06 December 2021 1:18 AM IST

 അടുക്കള 'തകരുന്ന' ലക്ഷണം!

കൊല്ലം: അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് മുളകിനും മല്ലിക്കും വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെയാണ് വറ്റൽ, പിരിയൻ കാശ്മീരി മുളകുകൾക്കും കുരുമുളകിനും വില കൂടിയത്. കിലോയ്ക്ക് 180 രൂപയാണ് കുരുമുളകിനു കൂടിയത്. മല്ലിക്ക് 30 രൂപയോളം കൂടി. ഉത്പാദന കേന്ദ്രങ്ങളിൽ സീസൺ കഴിഞ്ഞതാണ് വില വർദ്ധനവിന്റെ കാരണമായി കച്ചവടക്കാർ പറയുന്നത്.

എല്ലാവർഷവും ഈസമയത്ത് മുളക് വില ഉയരുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ആന്ധ്രയിലെ ഗുണ്ടൂർ, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മുളക് എത്തുന്നത്. ഈ മാസം പകുതിയോടെ ഗുണ്ടൂരിൽ സീസൺ ആരംഭിക്കും. ഇതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. ചെറുപയറിന്റെ വില ഒരു മാസത്തിനിടെ 95 രൂപയിൽ നിന്നും 110 ൽ എത്തി. കൊച്ചുള്ളി വില 45ൽ നിന്നു 60 ആയി.

 കറുത്തപൊന്ന് കയ്ക്കുന്നു

കുത്തനെ ഇടിഞ്ഞു നിന്ന കുരുമുളകിന്റെ വിലയാണ് കുതിച്ചു കയറുന്നത്. 380- 400 രൂപയായിരുന്ന കുരുമുളകിന് 560 രൂപവരെ ആയിട്ടുണ്ട്. ഒരു മാസത്തിലേറെയായി തുടരുന്ന കനത്ത മഴയാണ് വിലവർദ്ധനവിനു കാരണമായി പറയുന്നത്. മൊത്തവ്യാപാര സ്ഥാപനങ്ങൾക്ക് കുരുമുളക് ലഭിക്കുന്നില്ല. നേരത്തെ വ്യാപാര സ്ഥാപനങ്ങളിൽ കർഷകർ നേരിട്ട് കുരുമുളക് എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ കുരുമുളക് ലഭിക്കുന്നില്ല. വൻതോതിൽ സംഭരിച്ചിരുന്നത് ഇടനിലക്കാരായതിനാൽ വിലവർദ്ധനവിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല.

ഇനം, ഒരാഴ്ച മുൻപുള്ള വില, ഇന്നലത്തെ വില

 വറ്റൽ മുളക്: 140, 150

 പിരിയൻ: 170-80, 200

 കാശ്മീരി മുളക്: 250, 290-300

 മല്ലി- 80-95, 100-110

 കുരുമുളക്- 380-400, 560