തളർന്ന കൈയാൽ കടൽമുറിച്ച് ഗിന്നസിലേക്ക്: തകർക്കേണ്ടത് സ്‌പാനിഷ് റെക്കാഡ്

Monday 06 December 2021 1:27 AM IST
വൈകല്യം മറികടന്ന് നീന്തുന്ന ബാബുരാജ്

ആലപ്പുഴ: ഗിന്നസ് വേൾഡ് റെക്കാഡ് തിരുത്താൻ പാതിതളർന്ന ഇടതുകൈ ചേർത്തുപിടിച്ച് നീന്തുകയാണ് അൻപത്തെട്ടുകാരനായ കൈനകരി തൈയ്യിൽ വീട്ടിൽ ടി.ഡി.ബാബുരാജ്. കടലിൽ ഏറ്റവും കൂടുതൽ ദൂരം തുടർച്ചയായി നീന്തിയയാൾ എന്ന റെക്കാഡാണ് ബാബുരാജിന്റെ ലക്ഷ്യം. സ്‌പെയിൻകാരൻ താണ്ടിയ 250 കിലോമീറ്ററെന്ന റെക്കാഡാണ് മറികടക്കേണ്ടത്.

ചമ്പക്കുളം മുതൽ പുന്നമടവരെയുള്ള 26 കിലോമീറ്റർ 7മണിക്കൂർ10 മിനിട്ടുകൊണ്ട് നീന്തി 2018ൽ ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി. 2016ൽ മുഹമ്മ മുതൽ കുമരകം വരെ പത്ത് കിലോമീറ്റർ നീന്തി ഏഷ്യൻ റെക്കാഡും സ്വന്തമാക്കിയിരുന്നു.

12-ാം വയസിൽ മരത്തിൽ നിന്ന് വീണാണ് ഇടത് കൈയുടെ മുട്ടിന് താഴെ സ്വാധീനം നഷ്ടപ്പെട്ടത്. കൺമുന്നിൽ ഹൗസ്ബോട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചതും വെള്ളത്തോടുള്ള ആളുകളുടെ ഭയവും കണ്ടതോടെ നീന്തലാണ് തന്റെ വഴിയെന്ന് ബാബുരാജ് തിരിച്ചറിഞ്ഞു. സ്കൂളിലും കോളേജിലും അംഗപരിമിതരല്ലാത്തവരുമായി മത്സരിച്ചാണ് സമ്മാനങ്ങൾ നേടിയത്. പാട്യാലയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.

കടലിൽ നീന്താനുള്ള നിരന്തര പരിശീലനത്തിനും ഭക്ഷണക്രമത്തിനും സുരക്ഷാ സംവിധാനങ്ങൾക്കുമായി വലിയ ചെലവ് വേണ്ടിവരും. എന്നാൽ എൽ.ഐ.സി ഏജന്റായ ബാബുവിന് ഇത് താങ്ങാനാകുന്നില്ല. സ്വപ്നം യാഥാർത്ഥ്യമാക്കാൻ സ്പോൺസറെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. പിന്തുണയും പ്രാർത്ഥനയുമായി ഭാര്യ ഷീബയും ഒപ്പമുണ്ട്. മക്കളായ ശിവശങ്കറും ഉമാശങ്കറും നീന്തൽ രംഗത്തുണ്ട്. ശിവശങ്കർ കനോയിംഗ് താരവും നേവി ഉദ്യോഗസ്ഥനുമാണ്.

പരിശീലനം രാവിലെ: 5 മണിക്കൂർ

വൈകിട്ട്: 3 മണിക്കൂർ (തുടർച്ചയായി)​

രക്ഷകരാകാൻ പരിശീലനം

മുങ്ങിമരണങ്ങൾ കേരളത്തിൽ സ്ഥിരം സംഭവമായതോടെ യുവാക്കളെ പരിശീലിപ്പിക്കാൻ ബാബുരാജ് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും അഞ്ച് ദിവസത്തെ ക്ലാസുകളാണ് നൽകുക. പഠിപ്പിക്കാനുള്ള ക്രമീകരണം അധികൃതർ ഒരുക്കിനൽകിയാൽ സൗജന്യമായാണ് ക്ലാസും പരിശീലനവും നൽകുന്നത്.

''

സാഹസം നിറഞ്ഞ മാരത്തൺ മത്സരത്തിന് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പണമില്ലാത്തത് വിലങ്ങുതടിയാണ്. സ്പോൺസറെ ലഭിച്ചാൽ സ്വപ്നം സാക്ഷാത്കരിക്കും.

ടി.ഡി. ബാബുരാജ്