അപ്രിയ സത്യങ്ങൾ പറഞ്ഞത് സമുദായം ഒന്നാവാൻ : വെള്ളാപ്പള്ളി

Monday 06 December 2021 1:31 AM IST
വിശിഷ്ടാതിഥികൾക്ക് നന്ദി അറിയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തുന്നു

ചേർത്തല: അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞത് സാമൂഹ്യ നന്മയെ കരുതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഉള്ള കാര്യങ്ങൾ വിളിച്ചുപറയുന്ന സാധാരണക്കാരനാണ് താൻ. സമൂഹത്തോടും സമുദായത്തോടും പറയാനുള്ളത് ഒന്നാവാൻ നന്നാകണം, നന്നാകാൻ ഒന്നാവണം എന്നാണ്. മുന്നോട്ടുള്ള യാത്രയിൽ ആശയും ആവേശവും പകരുന്നതാണ് ഈ ഒത്തുചേരലെന്നും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കിയ വിശിഷ്ടാതിഥികൾക്ക് നന്ദി അറിയിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

25 വർഷത്തെ സേവനത്തെപ്പറ്റിയുള്ള മഹദ് വ്യക്തികളുടെ വാക്കുകൾ കേൾക്കുമ്പോൾ സംതൃപ്തിയുണ്ട്. ഒരു വ്യക്തിക്ക് ലഭിച്ച അംഗീകാരമായിട്ടല്ല ഇതിനെ കാണുന്നത്. ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും അംഗീകാരമാണിത്. ഗുരുദേവന്റെ കരങ്ങളാൽ തുടക്കം കുറിച്ച പദ്ധതികളുമായി മുന്നോട്ടു പോകാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. കടന്നു വന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നീക്കി മുന്നോട്ട് പോകാൻ വഴിയൊരുക്കിയത് സഹപ്രവർത്തകരാണ്. വിമർശനങ്ങളിലൂടെ കുത്തിനോവിക്കാൻ പലരും ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാൻ കഴിഞ്ഞത് എല്ലാവരുടെയും കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. കേരളീയ സമൂഹത്തിന്റെ സമഗ്രമായ മാറ്റങ്ങൾക്കാണ് യോഗം സാരഥ്യം വഹിച്ചത്. ആ പാരമ്പര്യം ഉൾക്കൊണ്ടുള്ള കർമ്മ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു