ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റി: പിണറായി വിജയൻ

Monday 06 December 2021 1:33 AM IST
ശ്രീനാരയണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവൻ ലക്ഷ്യമിട്ട രീതിയിൽ ശ്രീനാരായണ ധർമ്മ പരിപാലനം വെള്ളാപ്പള്ളി നടേശന് നടപ്പാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തിലും മേലെയാണ് ശ്രീനാരായണ ധർമ്മ പരിപാലനം. നാട്ടിൽ ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് പിന്നിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളുണ്ട്. അതിന് പല മാനങ്ങളും ഉണ്ടായി‌ട്ടുണ്ട്. 25 വർഷം ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുകയെന്നത് അസുലഭമായ അനുഭവമാണ്. ആ സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ധർമ്മ പരിപാലനനത്തിന്റെ മുഴുവൻ തലങ്ങളിലേക്കുമെത്തി. നാടിനെയും നാട്ടുകാരെയും ഉദ്ധരിക്കുന്ന സമീപനങ്ങളും നിരീക്ഷണങ്ങളും വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ബോദ്ധ്യമായ കാര്യങ്ങൾ തന്റേതായ നിരീക്ഷണങ്ങളോടെ ബോധിപ്പിക്കാൻ കഴിയുന്നത് വ്യത്യസ്തമായ ശൈലിയാണ്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയത്തിലെത്തിക്കാനുള്ള ചടുലമായ പ്രവർത്തനവും എടുത്തു പറയണം. വ്യക്തിപരമായും അല്ലാതെയും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വ്യത്യസ്ത വിഷയങ്ങളിൽ വെള്ളാപ്പള്ളിയുടെ അഭിപ്രായം കേൾക്കാൻ സമൂഹം തയ്യാറാകുന്നു. അതിനു കാരണം ഊർജ്ജസ്വലമായ പ്രവർത്തന ശൈലിയാണ്. ഒരു ശങ്കയും സംശയവുമില്ലാതെ വ്യക്തമായി മറുപടി പറയാൻ കഴിയുന്നതും വെള്ളാപ്പള്ളിയുടെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement