മോദി - പുട്ടിൻ ചർച്ച ഇന്ന്

Monday 06 December 2021 1:34 AM IST

ന്യൂഡൽഹി: ഇന്ത്യ-റഷ്യ 21ാമത് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി ബന്ധത്തിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുണ്ടാകും.

പുട്ടിന്റെ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ് റോവ് ഇന്നലെ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ്.ജയങ്കറുമായി സെർജി ലാവ് റോവ് ചർച്ച നടത്തി. രണ്ട് രാജ്യങ്ങളുടെയും മന്ത്രിതല ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗൂവും ഇന്ന് രാവിലെ ചർച്ച നടത്തും.

കൊവിഡ് കാലത്തെ പുട്ടിന്റെ സന്ദർശനം മോദിയുമായുള്ള ഊഷ്മള ബന്ധത്തിന്റെ ഉദാഹരണമാണെന്ന് വിദേശ നയതന്ത്ര വിദഗ്ദ്ധർ പറയുന്നു. നിരവധി സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ യു പിയിലെ അമേഠിയിൽ അഞ്ച് ലക്ഷം എ.കെ.203 റൈഫിളുകൾ നിർമ്മിക്കാനുള്ള ഇന്ത്യ - റഷ്യ സംയുക്ത സംരഭത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.

പ്രതിരോധം, വ്യവസായം, ഊർജം, ഔഷധം, സെറാമിക്സ്, കെമിക്കൽസ്, ഹൈടെക് വ്യവസായം, സൈബർ സുരക്ഷ, ഡിജിറ്റൽ ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് കരാറുകളിൽ ഒപ്പിടുന്നത്.