നായരമ്പലത്ത് പൊള്ളലേറ്റ അമ്മയുടെയും മകന്റെയും മരണം; കൊലപാതകമെന്ന് കുടുംബം, പൊലീസിനെതിരെയും ഗുരുതര ആരോപണം

Monday 06 December 2021 9:25 AM IST

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.

സിന്ധുവിനെയും മകനെയും കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ' അവൻ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. കഴിഞ്ഞ ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പരാതിയെപ്പറ്റി അന്വേഷിച്ചില്ല.'- സിന്ധുവിന്റെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സഹോദരനൊപ്പം പോയാണ് സിന്ധു പരാതി നൽകിയത്. പൊലീസ് വീട്ടിൽ വന്ന് മൊഴിയെടുക്കുകയോ, ആരോപണ വിധേയനെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പരാതിയിൽ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധുവിനെയും മകന്‍ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഇന്നലെയും, എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അതുൽ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

സംഭവത്തിൽ സമീപവാസിയായ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. മരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. സിന്ധു ദിലീപിന്റെ പേര് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. പരേതനായ സാജുവിന്റെ ഭാര്യയാണ് സിന്ധു. എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയായിരുന്നു.