രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സ്വർണമാലയും ചെക്കും പിന്നെ...

Monday 06 December 2021 11:07 AM IST

കഴിഞ്ഞ ഏപ്രിൽ 11ന് വ്യവസായ പ്രമുഖൻ എംഎ യൂസഫലിക്ക് ഹെലികോപ്‌ടർ അപകടം സംഭവിച്ചത് ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്‌ടർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് ഓടിവന്നത്. കഴിഞ്ഞദിവസം ഇരുവരെയും കാണാൻ യൂസഫലി എത്തിയിരുന്നു. എന്നാൽ വെറുംകൈയോടെ ആയിരുന്നില്ല ആ വരവ്.

രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകൻ ഒരു വയസുള്ള ദേവദർശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിനു സ്വർണമാല സമ്മാനമായി നൽകാനും ജീവനക്കാരോടു നിർദേശിച്ചു. അപകടം നടന്ന സ്ഥലവും യൂസഫലി സന്ദർശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി.

'ഹെലികോപ്‌ടർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല'യൂസഫലി പറഞ്ഞു.

അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തി. 5 ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. 'ജപ്തിയുണ്ടാകില്ല, പോരേ' എന്ന വാക്കും നൽകിയാണ് മടങ്ങിയത്.

Advertisement
Advertisement