ഇന്ന് എംഎൽഎയുടെ മകനെ നിയമിച്ചാൽ നാളെ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെയും നിയമിക്കേണ്ടി വരും; ആശ്രിതനിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി
Monday 06 December 2021 3:15 PM IST
കൊച്ചി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്നും ഹൈക്കോടതി വിമർശിച്ചു. ഇത്തരം തീരുമാനങ്ങൾ വ്യാപകമായ പിൻവാതിൽ നിയമനങ്ങൾക്ക് കാരണമാകും. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിതനിയമനം നൽകേണ്ടി വരും. എംഎൽഎമാരുടെ മക്കൾക്കോ ആശ്രിതർക്കോ ആശ്രിതനിയമനം നൽകാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
യോഗ്യരായവർ പുറത്തുള്ളപ്പോൾ ഇത്തരക്കാർ ജോലിയിൽ പ്രവേശിക്കന്നത് സാമൂഹിക വിവേചനത്തിന് കാരണമാകും. സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനുള്ളതാണ് ആശ്രിതനിയമനമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.