ക്ലിഫ് ഹൗസിൽ സുരക്ഷാ കോട്ട, സുരക്ഷയ്ക്ക് എസ്.പി തസ്തിക സൃഷ്ടിക്കും

Tuesday 07 December 2021 12:00 AM IST

തിരുവനന്തപുരം: എസ്.പി റാങ്കിലുള്ള ഒരു ഡെപ്യൂട്ടി കമ്മിഷണറെ സുരക്ഷാ ചുമതലയിൽ വിന്യസിച്ച് മുഖ്യമന്ത്റിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. സുരക്ഷ വർദ്ധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡി.ഐ.ജി സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രധാന നിർദ്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കും. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത്‌ കോൺഗ്റസ് പ്റതിഷേധം ക്ലിഫ് ഹൗസ്‌ ഗേ​റ്റിനു സമീപമെത്തിയതിനെ തുടർന്ന് 2020 നവംബറിൽ ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ്‌ റോഡിലേക്ക് യാത്റക്കാരെ കർശന പരിശോധനയ്ക്ക്‌ ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്റിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. നിലവിലുണ്ടായിരുന്നതിന് പുറമേ ഒരു സി.സി.ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേ​റ്റർ കൂടി സ്ഥാപിച്ചു.

Advertisement
Advertisement