വാളയാർ പെൺകുട്ടികളുടെ മരണം: ഡമ്മി പരീക്ഷണവുമായി സി.ബി.ഐ

Tuesday 07 December 2021 12:00 AM IST

പാലക്കാട്: വാളയാർ പീഡനക്കേസിൽ സി.ബി.ഐ സംഘം,​ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും അട്ടപ്പള്ളത്തെ വീടിന്റെ പരിസരങ്ങളിലും ഇന്നലെ ഉച്ചയോടെയാണ് ഡമ്മി പരീക്ഷണം നടത്തി. ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു പെൺകുട്ടികളുടെയും മരണം കൊലപാതകമാണോ എന്ന് പരിശോധിക്കുന്നത്. കുട്ടികൾ മരിച്ച മുറിയിൽ രണ്ട് പേരുടെയും അതേ തൂക്കത്തിലുള്ള ഡമ്മി ഉപയോഗിച്ച് ആത്മഹത്യ സാദ്ധ്യതകളുൾപ്പെടെ വിലയിരുത്തി. ഡമ്മി പരീക്ഷണം വൈകിട്ടോടെയാണ് പൂർത്തിയായത്. തൂങ്ങിമരിച്ച ഒമ്പതു വയസുള്ള പെൺകുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തൂങ്ങിമരിക്കാൻ സാധിക്കില്ലെന്ന ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ ആഴ്ച കേസിലെ ഒന്നാംപ്രതി മധു, രണ്ടാംപ്രതി ഷിബു എന്നിവരെ മലമ്പുഴ ജില്ലാ ജയിലിലെത്തി സി.ബി.ഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ മാതാവിൽ നിന്നും വിവരം ശേഖരിച്ചു.

പതിമൂന്നും ഒമ്പതും വയസുള്ള രണ്ട് കുട്ടികളാണ് മാസങ്ങളുടെ വ്യത്യാസത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. രണ്ടു സഹോദരിമാരും ലൈംഗിക പീഡനത്തിനിരയായാണ് മരിച്ചതെന്ന് കണ്ടെത്തിയെങ്കിലും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാതിരുന്നതിനാൽ നാലു വർഷമായി കേസ് അന്വേഷണത്തെ സംബന്ധിച്ച് പലവിവാദങ്ങളും ഉണ്ടായിരുന്നു. തുടർന്നാണ് ജനുവരി രണ്ടിന് വാളയാർ കേസ് സി.ബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകി. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് കേസ് ഏറ്റെടുത്ത സി.ബി.ഐ പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേകം എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിലുള്ളത്.

Advertisement
Advertisement