വീണ്ടും രാത്രിയിൽ ഷട്ടർ തുറന്ന് തമിഴ്നാട്, നടപടി ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Monday 06 December 2021 11:40 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നു. ഇതിനെ തുടർന്ന് പെരിയാർ ഭാഗത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി. കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പ് കൂടാതെ രാത്രിയിൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന തമിഴ്നാടിന്റെ നടപടി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് സ‌ർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം പരമാവധി ഉയരത്തിൽ എത്തുമ്പോൾ തമിഴ്നാട് സ്ഥിരമായി രാത്രി ഷട്ടർ ഉയർത്തുന്നത് പെരിയാറിന് സമീപത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടും രാത്രിയിൽ ഷട്ടർ ഉയർത്തുന്നത് തമിഴ്നാട് ഉദ്യോഗസ്ഥർ തുടരുകയാണ്.

അതേസമയം ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ ഇന്ന് രാത്രി പതിവിലും കൂടുതൽ ഉയർത്തി. ഇന്ന് രാത്രി സ്പിൽവേ ഷട്ടറുകൾ ഉയർത്തി സാധാരണയിലും കൂടുതൽ വെള്ളം തുറന്നുവിട്ടു. രാത്രി 8.30 മുതൽ തുറന്നിരുന്ന ഒൻപത് ഷട്ടറുകൾ 120 സെന്റി മീറ്റർ (1.20m) കൂടുതൽ ഉയർത്തി 12654.09 ക്യുസെക്സ് ജലമാണ് തമിഴ്നാട് പുറത്തു വിട്ടത്.

സാധാരണയിലും കൂടുതൽ വെളളം തമിഴ്നാട് തുറന്ന് വിടുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്.